മെയ് ഒന്നു മുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു.

കോവിഡ് വ്യാപനം; മെയ് ഒന്നു മുതല്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ മെയ് ഒന്നു മുതല്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തി വെക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. സംസ്ഥാനത്തെ ഭൂരിപക്ഷം പഞ്ചായത്തുകളും, മുന്‍സിപ്പല്‍, കോര്പറേഷന് വാര്‍ഡുകളും കണ്ടയ്മെന്റ് സോണുകളാക്കി മാറ്റിയതോടെ സ്വകാര്യബസുകളില്‍ യാത്രക്കാര്‍ വലിയ തോതില്‍ കുറഞ്ഞതായി ബസുടമകള്‍ പറയുന്നു.
നിലവില്‍ ബസുകള്‍ക്ക് ലഭിക്കുന്ന വരുമാനം ദിവസചിലവിനു പോലും തികയാത്ത സാഹചര്യത്തിലാണ് മെയ് 1 മുതല്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെയ്ക്കുന്നത്. ഇതിനായി വാഹന നികുതി ഒഴിവാക്കി കിട്ടുവാനുള്ള അപേക്ഷയായ ജി ഫോം നല്‍കിയാവും സര്‍വ്വീസുകള്‍ നിര്‍ത്തുക.
ഇതിന് പുറമെ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി കിട്ടുന്നതിന് വേണ്ടി സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട് എങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു തീരുമാനവും ഇല്ലാത്തത്തിനാലാണ് ബസുകള്‍ നിര്‍ത്തിവെക്കേണ്ടി വരുന്നത് എന്നും ഉടമകള്‍ പറയുന്നു.
ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ക്വാര്‍ട്ടര്‍ നികുതി ഒഴിവാക്കി തന്ന രീതിയില്‍, നിലവിലെ ക്വാര്‍ട്ടര്‍ ടാക്സ് കൂടി ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമേ കുറച്ചു ബസുകള്‍ക്കെങ്കിലും സര്‍വീസ് നടത്തുവാന്‍ സാധിക്കുകയുള്ളുവെന്നും ഇവര്‍ വ്യക്തമാക്കി . നിലവിലെ ടാക്സ് അടക്കേണ്ട അവസാന തിയതി മെയ് 15 ആണ്. എന്നാൽ ഇതൊരു സമര തീരുമാനം അല്ലെന്നും ലാഭകരമായി സര്‍വീസ് നടത്തുവാന്‍ സാധിക്കുന്ന ബസുകള്‍ക്ക് സര്‍വീസ് നടത്തുന്നതിന് തടസ്സമില്ല എന്നും ആള് കേരള ബസ് ഓപ്പറേറ്റര്‍സ് ഓര്‍ഗാണൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന് അറിയിച്ചു.