HealthNews

മാംസാഹാരത്തിനു പകരം വെക്കാവുന്ന സസ്യാഹാരം

ക്യാൻസർ , ഹൃദ്രോഗം,പ്രേമേഹം രോഗികൾക്ക് ഉത്തമമായ ആഹാരം

നമുക്കെല്ലാം വളരെ സുപരിചിതമായ ഭക്ഷണമാണ് കൂൺ. കൂൺ നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാമോ? മാംസാഹാരത്തിന് പകരം വെക്കാവുന്ന ഈ സസ്യാഹാരത്തിന്റെ ഗുണങ്ങൾ അറിയാം. മികച്ച പ്രതിരോധ ശക്തിക്ക് കൂൺ കഴിക്കാം…

‘മഷ്‌റൂം’ എന്ന ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്ന കൂൺ രുചിയിൽ മാത്രമല്ല, ആരോഗ്യ ഗുണങ്ങളിലും ഏറെ മുമ്പിലാണ്. വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് മാംസാഹാരത്തിന് പകരം ഏറ്റവും രുചികരമായി കഴിക്കാവുന്ന ഓപ്‌ഷനുകളിൽ ഒന്നാണ് കൂൺ. ആന്റി ഓക്‌സിഡന്റുകൾ, അമിനോ ആസിഡ്, പ്രോട്ടീൻ തുടങ്ങിയ പോഷകങ്ങളെല്ലാം കൂണിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കൂണിന് കഴിവുണ്ട്.

ഫംഗസ് കുടുംബത്തിൽ പെടുന്ന കൂൺ പ്രകൃതിദത്തമായതിനാൽ പച്ചക്കറിയായി നാം കണക്കാക്കുന്നു. എന്തുകൊണ്ടാണ് ഈ ഫംഗസിനെ സൂപ്പർഫുഡ് എന്ന് പ്രശംസിക്കുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പോഷക ഗുണങ്ങളാൽ സമ്പന്നമാണ് കൂൺ എന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങൾ ഉള്ളതിനാലാണിത്.

ഫുഡ് സയൻസ് ന്യൂട്രീഷൻ ജേണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, നമ്മുടെ ഭക്ഷണത്തിൽ കൂൺ ചേർക്കുന്നത് വിറ്റാമിൻ ഡി, പൊട്ടാസ്യം, ഫൈബർ, ചെമ്പ്, സെലിനിയം എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങളുടെ കുറവ് പരിഹരിക്കാൻ സഹായിക്കും. ഇതെല്ലാം, നമ്മുടെ ഭക്ഷണത്തിൽ കലോറി, കൊഴുപ്പ് അല്ലെങ്കിൽ സോഡിയം എന്നിവ ചേർക്കാതെ തന്നെ ലഭിക്കുന്നു എന്നതാണ് കൂണിന്റെ ഏറ്റവും വലിയ ഗുണം.

കൂണിന്റെ ഈ ആനുകൂല്യങ്ങൾ പര്യാപ്തമല്ലെങ്കിൽ, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ കൂൺ അഥവാ മഷ്റൂം ഉൾപ്പെടുത്തേണ്ടതിന്റെ ആറ് കാരണങ്ങൾ ഇതാ:

1. കാൻസർ സാധ്യത കുറയ്ക്കും

അമേരിക്കൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ, കോശങ്ങളുടെ വളർച്ചാ ചക്രം നിയന്ത്രിക്കുന്നതിലൂടെ കൂണിന്റെ വിറ്റാമിൻ ഡി, ആന്റിഓക്‌സിഡന്റ് സവിശേഷതകൾ ശ്വാസകോശാർബുദം, സ്തനാർബുദം, പ്രോസ്റ്റേറ്റ് കാൻസർ, തുടങ്ങിയ പല തരത്തിലുള്ള ക്യാൻസറുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. ഇതിനൊപ്പം, അൽഷിമേഴ്‌സിന്റെ അപകടസാധ്യത ലഘൂകരിക്കാനും കൂൺ സഹായിക്കും.

2. ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ കൂണിന് കഴിയും

കൂണിലെ ഫൈബർ, പൊട്ടാസ്യം, എൻസൈമുകൾ എന്നിവ ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതിന് സഹായകമാണ്. നല്ല ഹൃദയാരോഗ്യം നിലനിർത്തുന്നതിന് പൊട്ടാസ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വർദ്ധിപ്പിക്കാൻ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ശുപാർശ ചെയ്യുന്നു.

3. കൂൺ ഒരു മികച്ച പ്രമേഹ ഭക്ഷണമാണ്

പ്രമേഹ രോഗിയാണെങ്കിലും നിങ്ങൾക്ക് കൂൺ കഴിക്കാം. കൂണിലെ ബീറ്റാ ഗ്ലൂക്കന്റെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

4. കൂൺ നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു

കൂണിൽ കാണപ്പെടുന്ന സെലിനിയം, ആൽഫ ഗ്ലൂക്കൻ, ബീറ്റാ ഗ്ലൂക്കൻ എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾക്കെതിരെ പോരാടുന്നതിന് നിങ്ങളുടെ ശരീരത്തെ സഹായിക്കുകയും ചെയ്യും.

5. നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്താൻ കൂൺ സഹായിക്കും

കാത്സ്യം, വിറ്റാമിൻ ഡി എന്നിവ കൊണ്ട് സമ്പന്നമാണ് കൂൺ. ഇത് നിങ്ങളുടെ പോഷകങ്ങളുടെ ദൈനംദിന ആവശ്യകത നിറവേറ്റാൻ സഹായിക്കുന്നു. കൂടാതെ കൂൺ നമ്മുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും അസ്ഥികൾക്ക് കൂടുതൽ ബലം ഉണ്ടാകുന്നതിനും കാരണമാകുന്നു.

6. ശരീരഭാരം കുറയ്ക്കാൻ കൂൺ സഹായിക്കും

കൂണിൽ കലോറിയുടെ സാന്നിധ്യം കുറവാണ്, മാത്രമല്ല ശരീരത്തിലെ മെറ്റബോളിസം നിയന്ത്രിച്ച് കൊഴുപ്പ് കത്തിക്കാൻ ഇത് സഹായിക്കുന്നു. ഈ ഭക്ഷണം കൊഴുപ്പ് രഹിതവും കൊളസ്ട്രോൾ രഹിതവും സോഡിയത്തിന്റെ അംശം കുറവുമാണ്.

ഇപ്പോൾ നിങ്ങൾക്ക് കൂണിന്റെ ധാരാളം ഗുണങ്ങൾ അറിയാമല്ലോ. കൂടാതെ കൂണിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് സവിശേഷതകൾ പനി, ജലദോഷം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു. അതിനാൽ ഇത്രയധികം ഗുണങ്ങളുള്ള കൂൺ നമ്മുടെ ആഹാരക്രമത്തിൽ ഭാഗമാകുന്നത് മികച്ച തിരഞ്ഞെടുപ്പ് തന്നെയാണെന്ന് നിസ്സംശയം പറയാം…

Back to top button