Celebraties

പൃഥ്വിരാജിനും മകള്‍ക്കും സഞ്ജുവിന്‌റെ സമ്മാനം

സന്തോഷം പങ്കുവെച്ച് പ്രിത്വി

പൃഥ്വിരാജിനും മകള്‍ക്കും സഞ്ജുവിന്‌റെ സമ്മാനം, സന്തോഷം പങ്കുവെച്ച് നടന്‍…

തെരഞ്ഞെടുപ്പ് ചൂട് അവസാനിച്ചതിന് പിന്നാലെ ഐപിഎല്‍ ആരംഭിച്ചതിന്‌റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇഷ്ട ടീമുകളുടെ മല്‍സരങ്ങള്‍ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്. രാജസ്ഥാന്‍ റോയല്‍സ് ടീമിന്‌റെ ക്യാപ്റ്റനായി സഞ്ജു സാംസണ്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇത്തവണ എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരുന്നു. 18ാം വയസ് മുതല്‍ രാജസ്ഥാന്‍ ടീമിലുളള സഞ്ജു ആദ്യമായാണ് ക്യാപ്റ്റനായത്. പുതിയ സീസണില്‍ കെഎല്‍ രാഹുല്‍ നയിക്കുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായാണ് സഞ്ജുവിന്‌റെ ടീമിന്‌റെ ആദ്യ മല്‍സരം.

സഞ്ജു ഉളളതുകൊണ്ടാണ് എല്ലാ മലയാളികള്‍ക്കും പ്രത്യേകമൊരു ഇഷ്ടം രാജസ്ഥാന്‍ ടീമിനോടുളളത്. രാജസ്ഥാനല്ല കേരള റോയല്‍സാണെന്ന് ടീമിനോടുളള ഇഷ്ടം കൊണ്ട് ഇടയ്ക്ക് മലയാളി ആരാധകര്‍ പറയുന്നത്.. അതേസമയം സഞ്ജു സാംസണെ കുറിച്ചുളള പൃഥ്വിരാജ് സുകുമാരന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായി മാറിയിരുന്നു.

ക്യാപ്റ്റനായ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ ടീമിന്‌റെ ജേഴ്‌സിയും ഒരു സമ്മാനപ്പൊതിയുമാണ് പൃഥ്വിരാജിന് നല്‍കിയിരിക്കുന്നത്. പൃഥ്വിയെന്നും അല്ലിയെന്നും പേരെഴുതിയ ജേഴ്‌സികളുടെ ചിത്രം ഫേസ്ബുക്കിലൂടെ പൃഥ്വി പങ്കുവെച്ചിരുന്നു.. ചിത്രത്തിനൊപ്പം പൃഥ്വിരാജിന്‌റെതായി വന്ന കുറിപ്പും ശ്രദ്ധേയമായി. ജേഴ്‌സിക്കും ഹാമ്പറിനും സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും നന്ദി.

ഞാനും അല്ലിയും ആഹ്‌ളാദത്തിലാണ്. സഞ്ജു, നീ ടീമിന്‌റെ ക്യാപ്റ്റനായിരിക്കുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷവും അഭിമാനവുമാണ്. ക്രിക്കറ്റിനെ കുറിച്ചും ജീവിതത്തെ കുറിച്ചുമുളള നമ്മുടെ കൂടുതല്‍ വര്‍ത്തമാനങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് ജേഴ്‌സിയുടെ ചിത്രം പങ്കുവെച്ച് നടന്‍ കുറിച്ചത്. പൃഥ്വിയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. നന്ദി പറഞ്ഞ് സഞ്ജു സാംസണും എത്തി.

പൃഥ്വിരാജിന് പിന്നാലെ ടൊവിനോ തോമസും സഞ്ജു സാംസണ്‍ സമ്മാനിച്ച ജേഴ്‌സിയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ടൊവിനോയ്ക്കും മക്കളായ ഇസ, ടഹാന്‍ എന്നിവര്‍ക്കുമാണ് രാജസ്ഥാന്‌റെ ജേഴ്‌സിയും ഒപ്പം സമ്മാനപ്പൊതിയും എത്തിയത്. സഞ്ജുവിനും രാജസ്ഥാന്‍ ടീമിനും ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ടൊവിനോയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നത്.

അതേസമയം രാജസ്ഥാന് പുറമെ ഡല്‍ഹി ടീമിന് വേണ്ടിയും സഞ്ജു മുന്‍പ് കളിച്ചിരുന്നു. ഐപിഎലില്‍ രാജസ്ഥാന് വിലക്ക് ഏര്‍പ്പെടുത്തിയ സമയത്തായിരുന്നു സഞ്ജു ഡല്‍ഹി ടീമിലെത്തിയത്. പിന്നീട് രാജസ്ഥാന്‍ തിരിച്ചെത്തിയതോടെ സഞ്ജു വീണ്ടും ടീമിലേക്ക് തിരിച്ചെത്തി. സഞ്ജു സാംസണ് പുറമെ ബെന്‍ സ്റ്റോക്ക്‌സ്, ജോസ് ബട്‌ലര്‍, രാഹുല്‍ തെവാട്ടിയ, ജയദേവ് ഉനദ്കട്ട്, മുസ്തഫിസുര്‍ തുടങ്ങിയവരും രാജസ്ഥാന്‍ റോയല്‍സ് ടീമിലെ പ്രധാന താരങ്ങളാണ്. മുംബൈ-ബാംഗ്ലൂര്‍ മല്‍സരത്തോടെയാണ് ഇത്തവണ ഐപിഎല്‍ ടൂര്‍ണമെന്റിന് തുടക്കമായത്. ആദ്യ മല്‍സരത്തില്‍ മുംബൈക്കെതിരെ ബാംഗ്ലൂരിനായിരുന്നു വിജയം. ക്രിക്കറ്റിനോടുളള ഇഷ്ടം മുന്‍പ് പലതവണ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുളള സെലിബ്രിറ്റി കൂടിയാണ്  പൃഥ്വിരാജ്‌.

 

Back to top button