പുതിയ സംവിധാനവുമായി എസ്ബിഐ, ഒ.ടി.പി. വഴി എ.ടി.എമ്മുകളില്‍ നിന്നും 24 മണിക്കൂറും പണം പിന്‍വലിക്കാം

സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈല്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്. തുടക്കത്തില്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടു വരെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന്. സൗകര്യമുണ്ടായിരുന്നത്. ഇത് ഇനിമുതല്‍ മുഴുവന്‍ സമയവും പ്രയോജനപ്പെടുത്താന്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് സാധിക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍നിന്ന് ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ആണ് ഇത്തരത്തില്‍ പിന്‍വലിക്കാനാകുക. രാജ്യത്ത് എടിഎം കാര്‍ഡ് തട്ടിപ്പ് വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപഭോക്താക്കള്‍ക്കായി എസ്ബിഐ പുതിയ സംവിധാനം ഒരുക്കിയത്.

എടിഎം കൗണ്ടറിലെത്തിയ ഉപഭോക്താവിന് പണം പിന്‍വലിക്കുന്നതിന് മുൻപായി അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറിലേക്ക് ഒരു ഒടിപി അയയ്ക്കും. ഈ ഒടിപി ഒരു എടിഎം ഇടപാടിന് ഒരുതവണ മാത്രമേ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഉപഭോക്താവ് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക എടിഎം മെഷിനിലൂടെ നല്‍കി കഴിഞ്ഞാലുടന്‍ എടിഎം സ്ക്രീന്‍ ഒടിപി നല്‍കാനുള്ള സ്ക്രീന്‍ കാണിക്കും. തുടര്‍ന്ന് പണം പിന്‍വലിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിൽ ലഭിച്ച ഒടിപി നല്‍കുക. മറ്റു ഇതര ബാങ്കുകളിലെ എടിഎംൽ ഈ സംവിധാനം ഉണ്ടായിരിക്കുന്നതല്ല .