Current AffairsLocal News

ചെന്നൈ ബാറ്റ്‌സ്മാന്മാരുടെ വിചാരം സര്‍ക്കാര്‍ ജോലിയാണെന്നാണ്, വീണ്ടും പരിഹാസവുമായി സെവാഗ്

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീരേന്ദര്‍ സെവാഗ്. കഴിഞ്ഞ ഐപിഎല്ലില്‍ ഫൈനല്‍ വരെ എത്തിയ ടീമിന്റെ ഇത്തവണത്തെ ദാരുണമായ പ്രകടനം കണ്ടാണ് സെവാഗിന്റെ വിമര്‍ശനം. ബുധനാഴ്ച്ച ചെന്നൈ ബാറ്റിങ് നിര പൂര്‍ണ പരാജയമാകുന്ന കാഴ്ച്ചയായിരുന്നു കണ്ടത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ആദ്യഘട്ടത്തില്‍ സ്ഥിരതയോടെ ബാറ്റ് ചെയ്തെങ്കിലും പിന്നീട് വിക്കറ്റുകള്‍ നഷ്ടമാക്കുകയായിരുന്നു. അവസാന പത്ത് ഓവറില്‍ 79 റണ്‍സ് മാത്രം നേടാനിരിക്കേയായിരുന്നു ചെന്നൈയുടെ പരാജയം. ചെന്നൈ ടീമിനെ സര്‍ക്കാര്‍ ജോലി പോലെയാണ് ബാറ്റ്സ്മാന്മാര്‍ കാണുന്നതെന്ന ഗുരുതര വിമര്‍ശനമാണ് സെവാഗ് ഉയര്‍ത്തിയിരിക്കുന്നത്. കളിച്ചാലും ഇല്ലെങ്കിലും ശമ്ബളം കിട്ടും എന്ന മാനസികാവസ്ഥയിലാണ് ചില ബാറ്റ്സ്മാന്‍മാരുടെ പ്രകടനം എന്ന് മുന്‍ ഇന്ത്യന്‍ താരം തുറന്നു പറഞ്ഞു.

കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ 12 ബോളില്‍ ഏഴ് റണ്‍സ് മാത്രം എടുത്ത കേദാര്‍ ജാദവിനെയും സെവാഗ് വിമര്‍ശിച്ചു. ഉപയോഗശൂന്യമായ അലങ്കാരം എന്നാണ് ജാദവിനെ ‘വീരു കി ബയ്താക്’ എന്ന ഫെയ്സ്ബുക്ക് സീരീസില്‍ സെവാഗ് പരിഹസിച്ചത്.

ജാദവിനെതിരെ ചെന്നൈ ആരാധകരും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ഓപ്പണര്‍മാരായ ഷെയ്ന്‍ വാട്സണും ഫാഫ് ഡൂപ്ലിസിയും ചേര്‍ന്ന് മികച്ച തുടക്കം ചെന്നൈയ്ക്ക നല്‍കിയിരുന്നു. റായിഡുവും വാട്സണും പുറത്തായതിന് പിന്നാലെ 12 പന്തില്‍ 11 റണ്‍സ് എടുത്ത് ധോണിയും മടങ്ങി. 21 പന്തില്‍ 39 റണ്‍സ് എന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്ബോഴാണ് കേദാര്‍ ജാദവ് ക്രീസില്‍ എത്തുന്നത്.

ജയിക്കാന്‍ അക്രമാസക്തമായി കളിക്കേണ്ട സമയത്ത് ജാദവിന്റെ മുട്ടിക്കളിയില്‍ ചെന്നൈ അക്ഷരാര്‍ത്ഥത്തില്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. അവസാന നിമിഷം വരെയുള്ള ജാദവിന്റെ ഈ മുട്ടിക്കളിയാണ് ആരാധകരേയും പ്രകോപിപ്പിച്ചിരിക്കുന്നത്. ജാദവിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിര്‍ണായക ഘട്ടത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കാതെ ‘ടെസ്റ്റ് കളിച്ച’ താരത്തിന് മാന്‍ ഓഫ് ദി മാച്ച്‌ പുരസ്കാരം നല്‍കണമെന്നും ആരാധകര്‍ പരിഹസിച്ചു.

Back to top button