Health

സ്നഗ്ഗി എന്ന ആധുനിക കോണകം.

ചെറുപ്പത്തിൽ , അതായത് നല്ല ചെറുപ്പം ,
എന്നെ കാണാൻ വരുന്ന ആൾക്കാരൊക്കെ പല തരത്തിലങ്ങട് സ്നേഹിക്കാൻ തുടങ്ങും , ഇടക്ക് പാല് കുടിചോണ്ടിരിക്കണ നേരത്ത് വന്നു പൊക്കിയെടുക്കും ,നുള്ളും , ന്റെ ദൈവേ അപ്പൊ വരണ കലിയുണ്ടല്ലോ ആരോട പറയ , പറഞ്ഞാ തന്നെ ഇവർക്ക് ഉണ്ടോ സ്പഷ്ടമായ എന്റെ ഭാഷ മനസ്സിലാക്കാനുള്ള ഭാഷ ബോധം..
അന്ന് തൊട്ടേ പ്രതികാര ദാഹിയായിരുന്ന ഞാൻ എന്നെ നുള്ളിയവരോടും , പാല് കുടി തടസ്സപ്പെടുത്തിയവരോടും പ്രതികാരം ചെയ്തിരുന്നു. എന്നെ കാണാൻ അണിഞ്ഞൊരങ്ങി വന്ന ഒട്ടനവധി മഹതികളുടെ പുതു കുപ്പായം ഞാൻ പുണ്യാഹം തെളിച്ചും ,അപ്പിയിട്ടും ശുദ്ധീകരിച്ചു കൊടുക്കും .പെട്ടെന്ന് അവരെന്നെ ഉമ്മാക്ക് കൊടുക്കും , ആ കൊടുപ്പിൽ പിടുത്തം ഒന്ന് മുറുക്കി പിടിച്ചു വേദനിപ്പിക്കുമെങ്കിലും പ്രതികാരം ചെയ്ത സന്തോഷത്തിൽ ഞാൻ എന്റെ 32-32 പല്ലും കാണിച്ചൊരു ചിരിയുണ്ട് , അത് ഉമ്മാക്ക് മാത്രേ മനസ്സിലാവു. തോളോട് ചേർത്ത് ഉടുപ്പ് മാറ്റി തരുമ്പോ ഉമ്മ പറയും കള്ളൻ ഒരാളേം വെറുതെ വിടരുതെന്ന്..

ഇനിവരുന്നൊരു തലമുറക്ക് ഇതിനു സാധ്യമോ ? എവിടെ?? -പുക്കിൽകൊടി മുറിച് കഴിഞ്ഞാൽ ഇട്ടു കൊടുക്കും സ്നഗ്ഗി എന്നാ ആധുനിക കോണകം ..ശെരിക്ക് കാറ്റും വെളിച്ചവും തട്ടാതെ അതിനകത്ത് കിടന്നു ഞങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുണ്ടോ ഇവറ്റകൾക്ക് മനസ്സിലാവുന്നു. കുറച്ചു വലുതായി നാണോം മാനോം ഒക്കെ ആയി തുടങ്ങിയാൽ ഞങ്ങൾക്ക് അത് മറക്കൽ നിർബന്ധമായി ,ന്നാ അത് വരെയെങ്കിലും ഒരു ആശ്വാസം കൊടുത്തൂടെ , .അക്കാര്യത്തിൽ ഒക്കെ ഞാൻ ഭാഗ്യം ചെയ്തവനായിരുന്നു ,യാതൊരു തടസ്സങ്ങളും ഇല്ലാതെ എല്ലാർടേം മുന്നിലൂടെ ഞാൻ കുറെ കാലം” A ” കളിച്ചു നടന്നു ,

പണ്ടൊക്കെ ,പ്രസവം അടുത്ത സ്‌ത്രീകൾ ഉള്ള വീടുകളിൽ ഒരുക്കങ്ങൾ രസകരമാണ്, അമ്മമാർ എന്നോ തുടങ്ങും , പ്രസവ ശേഷം കൊടുക്കാനുള്ള മരുന്നുകൾ , കുട്ടിക്ക് ഉടുക്കാനുള്ള തുണി ശേഖരിക്കൽ അങ്ങനെ പലതും , വീടിന്റെ അയലിൽ നിര നിരയായി ചെറിയ വെള്ള ചതുര ആകൃതിയിൽ തുണികൾ ഒരുപാട് അലക്കിയിട്ടിരിക്കുന്നത് . അല്പം ഉജാല നിറമുള്ള ആ തുണികളുടെ എണ്ണത്തിൽ അവിടെയുള്ള വില്ലന്റെ അല്ലേൽ വില്ലത്തിയുടെ പ്രതികാര ദാഹം അറിയാം . പെങ്ങളുടെ ആദ്യ പ്രസവ സമയത്ത് ഉമ്മയുടെ കൂടെ ഈ തുണികൾ വെട്ടിയടുക്കുമ്പോ ഞാൻ ചോദിച്ചു എന്തിനാ ഇത്രയധികം എന്ന് , അന്ന് ഉമ്മ പറയ , വരുന്നത് നിന്നെ പോലുള്ള ഒന്നാണേൽ ഇതിന്റെ ഇരട്ടി ഉണ്ടായാൽ മതിയാവില്ലന്നു, അന്നതൊക്കെ പ്രതികാരം ആയിരുന്നേലും കുറെ കാലത്തിനു ശേഷം എല്ലാർടേം മുന്നില് വെച്ച് അത് കേട്ടപ്പോ എന്റെ ആത്മാഭിമാനത്തിന് അത് കോട്ടം വരുത്തി ..
എങ്കിലും ഇന്നിതൊക്കെ ഓർത്തെടുക്കുമ്പോൾ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി ഇനി വരുന്ന ഭൂരിഭാഗം കുട്ട്യോൾക്ക് കിട്ടില്ല എന്നോർക്കുമ്പോ കുറച്ചു ഗമയും ഉണ്ട് . ആ ഗമയോടും പുഞ്ചിരിയോടും കൂടെ നിരത്തുന്നു ..
ആധുനിക കോണകം ധരിച്ചു കഷ്ടപ്പെടുന്ന എല്ലാ പൈതങ്ങൾക്കും ഉംമ്മാാാ….

-അൻവർ മൂക്കുതല

Leave a Reply

Back to top button