Health

അഞ്ചുവർഷങ്ങൾ കൊഴിഞ്ഞുവീണു, ലൈംഗികബന്ധത്തിലേർപ്പെടാൻ ഇന്നേവരെ ഇരുവർക്കും സാധിച്ചിട്ടില്ല

മനുഷ്യ സ്പർശം ഏൽക്കുമ്പോൾ ലൈംഗിക അവയവം ചുരുങ്ങുകയും, ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കാതെയും വരുന്ന അവസ്ഥയാണ് വജൈനിമിസ്, ഈ രോഗം ബാധിച്ച രേവതി എന്ന പെൺകുട്ടിയുടെയും അവളെ മനസ്സിലാക്കിയ അവളുടെ ഭർത്താവിന്റെയും കഥ തുറന്നെഴുതിയിരിക്കുകയാണ് സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി

പോസ്റ്റ് വായിക്കാം

വജൈനിസ്മസ്’ എന്നൊരു രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? മനുഷ്യസ്പർശമേൽക്കുമ്പോൾ ലൈംഗികാവയവം ചുരുങ്ങുന്ന ശാരീരികാവസ്ഥയാണത്.സ്വാഭാവികമായും ഈ രോഗം ബാധിച്ചവർക്ക് സെക്സ് അസാദ്ധ്യമാകുന്നു.ഫോട്ടോയിൽക്കാണുന്ന രേവതി എന്ന പെൺകുട്ടി വജൈനിസ്മസ് ബാധിതയാണ്. ഇരുപത്തിയഞ്ചാം വയസ്സിലാണ് രേവതി, ചിന്മയ് എന്ന യുവാവിനെ വിവാഹം കഴിക്കുന്നത്.അപ്പോൾ ഈ രോഗത്തെക്കുറിച്ച് രേവതി അത്രയേറെ ബോധവതിയായിരുന്നില്ല. തന്റെ ലൈംഗികാവയവത്തിന് എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്ന് മാത്രം അവർക്ക് തോന്നിയിരുന്നു. ഇൗ ആശങ്ക ആദ്യരാത്രിയിൽത്തന്നെ രേവതി ഭർത്താവുമായി പങ്കുവെയ്ക്കുകയും ചെയ്തു.ചിന്മയിൻ്റെ മറുപടി ഇങ്ങനെയായിരുന്നു-”സാരമില്ല.എനിക്ക് സെക്സിന് ഒട്ടും ധൃതിയില്ല.ആദ്യം നമുക്ക് പരസ്പരം മനസ്സിലാക്കാം….”

അഞ്ചുവർഷങ്ങൾ കൊഴിഞ്ഞുവീണു.വജൈനിസ്മസ് എന്നാൽ എന്താണെന്ന് ചിന്മയിനും രേവതിയ്ക്കും പൂർണ്ണമായും മനസ്സിലായി.ലൈംഗികബന്ധത്തിലേർപ്പെടാൻ ഇന്നേവരെ ഇരുവർക്കും സാധിച്ചിട്ടില്ല.പക്ഷേ ആ ദാമ്പത്യം അതിസുന്ദരമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു ! ഇപ്പോൾ രേവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.ചികിത്സയിലൂടെയാണ്(എെ.വി.എഫ്) രേവതി അമ്മയായത്.ഇതെല്ലാം കേൾക്കുമ്പോൾ ഈ ദമ്പതിമാരോട് ഒത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു. ആദ്യരാത്രിയിൽത്തന്നെ ഭാര്യയ്ക്കുമേൽ ‘ചാടിവീഴുന്ന’ ഭർത്താക്കൻമാരുണ്ട്. ഹണിമൂൺ കഴിഞ്ഞാൽ സ്നേഹം കുറയുന്നവരുണ്ട്.ഭാര്യയുടെ ശരീരപ്രകൃതി മോശമായാൽ അവളോടുള്ള താത്പര്യം നഷ്ടപ്പെടുന്നവരും ധാരാളം.

ഭാര്യ മാറാരോഗം പിടിപെട്ട് കിടപ്പിലായാൽ ലൈംഗികതൃഷ്ണ ശമിപ്പിക്കാൻ മറ്റു വഴികൾ തേടുന്നവരെ കണ്ടിട്ടുണ്ട്.പങ്കാളി മരണമടഞ്ഞാൽ മാസങ്ങൾക്കകം രണ്ടാമത് വിവാഹം കഴിക്കുന്നവരുമുണ്ട്.പെണ്ണിൻ്റെ ശരീരത്തെ മാത്രം സ്നേഹിക്കുമ്പോൾ ഉണ്ടാവുന്ന കാര്യങ്ങളാണിതെല്ലാം. സ്വന്തം നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയുന്ന സ്ത്രീകളെ തെറികൾ കൊണ്ട് അഭിഷേകം ചെയ്യുന്ന ആളുകളെ കണ്ടിട്ടില്ലേ? പെണ്ണിനെ മനുഷ്യജന്മമായി പരിഗണിക്കാത്തവരാണ് അത്തരക്കാർ.

അതുകൊണ്ടാണ് ചിന്മയ് ഒരു മഹാത്ഭുതമാകുന്നത്.അയാൾ രേവതിയുടെ മനസ്സാണ് കണ്ടത്.സെക്സ് മാത്രമല്ല പ്രധാനം എന്ന വസ്തുത മനസ്സിലാക്കാനുള്ള ഹൃദയവിശാലത ചിന്മയിന് ഉണ്ടായിരുന്നു ! എളുപ്പത്തിൽ തോൽവി സമ്മതിക്കാവുന്ന ഒരു ജീവിതമാണ് രേവതിയുടേത്.മനുഷ്യൻ്റെ അടിസ്ഥാനപരമായ ആവശ്യങ്ങളിലൊന്നാണ് സെക്സ്.അത് സാധിക്കാത്ത അവസ്ഥ എത്ര ഭീകരമായിരിക്കും എന്ന് സങ്കൽപ്പിച്ചുനോക്കുക.എന്നിട്ടും അവർ അടിയറവു പറഞ്ഞില്ല ! ഈ വാർത്തയോട് ചില മലയാളികൾ പ്രതികരിച്ച രീതി വല്ലാതെ നിരാശപ്പെടുത്തി.’ഭർത്താവുമായി സെക്സിലേർപ്പെടാതെ സ്ത്രീ അമ്മയായി’ എന്ന തലക്കെട്ട് കണ്ടാൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വിവരദോഷികൾക്ക് ചിലതെല്ലാം മനസ്സിൽ വരുമല്ലോ.അതൊക്കെ യാതൊരു ഉളുപ്പും ഇല്ലാതെ അവർ സോഷ്യൽ മീഡിയയിൽ ഛർദ്ദിച്ചുവെച്ചു ! ഇത്തരക്കാർ ഇല്ലായിരുന്നുവെങ്കിൽ എത്ര സുന്ദരമായേനേ ഈ ലോകം !

കുട്ടികളില്ലാത്ത പല സ്ത്രീകളും നമുക്കിടയിൽ ജീവിക്കുന്നുണ്ട്.പലപ്പോഴും ബന്ധുക്കളും നാട്ടുകാരും അവരെ അധിക്ഷേപിക്കാറുണ്ട്.’ശപിക്കപ്പെട്ടവൾ’ എന്ന് മുദ്രകുത്താറുണ്ട്.ഒരാളുടെ ശാരീരികാവസ്ഥ അയാളുടെ തെറ്റല്ല എന്ന കാര്യം പോലും മനസ്സിലാക്കപ്പെടാറില്ല. പ്രസവിച്ചതുകൊണ്ട് മാത്രം ഒരാൾക്ക് മഹത്വം കൈവരുന്നില്ല.ചോരക്കുഞ്ഞിനോട് ക്രൂരത കാട്ടുന്ന അമ്മമാരും ഉണ്ടല്ലോ.ഒരു കുഞ്ഞിനെ കിട്ടിയാൽ നിധി പോലെ സംരക്ഷിക്കാൻ തയ്യാറുള്ള ചില സ്ത്രീകൾക്ക് സന്താനഭാഗ്യം ഉണ്ടാവാറുമില്ല.അത്തരക്കാരെ ഒരിക്കലും വേദനിപ്പിക്കരുത്.അവർ കുഞ്ഞുങ്ങളെ അത്രയേറെ സ്നേഹിക്കുന്നവരാണ്… എല്ലാ വർഷവും നാം വനിതാദിനം ആഘോഷിക്കുന്നുണ്ട്.സ്ത്രീകൾ ഇപ്പോഴും ഒരുപാട് ദുരിതങ്ങൾ അനുഭവിക്കുന്നു.ചിന്മയിനെപ്പോലുള്ള പുരുഷൻമാർ നിറഞ്ഞ ലോകമാണ് ഞാൻ സ്വപ്നം കാണുന്നത്.അങ്ങനെയെങ്കിൽ സന്തോഷത്തോടെയും സമാധാനത്തോടെയും വനിതാദിനം ആഘോഷിക്കാം നമുക്ക്…

Back to top button