അങ്ങനെ കഥാപാത്രം വലുതോ ചെറുതോ എന്ന് നോക്കിയിട്ടില്ല, അഭിനയലോകത്തിലേക്ക് തിരിച്ചുവരാനൊരുങ്ങി സിജ റോസ്

അഭിനയ രംഗത്തേക്ക് നീണ്ട നാല് വർഷത്തെ ഇടവേളയ്ക്കുശേഷം മടങ്ങിയെത്തുന്ന സിജ റോസിന്റെ വിശേഷങ്ങള്‍ ഇങ്ങനെ. സിജ റോസ് അഭിനയരംഗത്തിലേക്കെത്തുന്നത് അഞ്ജലി മേനോന്റെ ഉസ്താദ് ഹോട്ടലിലൂടെയാണ്.അതിന് ശേഷം അന്നയും റസൂലും, നീ കൊ ഞാചാ. മിലി, എന്നു നിന്റെ മൊയ്തീന്, കാഞ്ചി,നെല്ലിക്ക തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലൂടെ ബോളിവുഡില്‍. തമിഴില്‍ വിജയ് യുടെ ഭൈരവ, വിജയ് സേതുപതി ചിത്രം റെക്ക. ഇടവേളയ്ക്കുശേഷം സിജ മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിക്കുന്ന ’റോയ് യി”ല്‍ നായികമുഖമായി കാണാം. അര്ജുന് ചക്രവര്‍ത്തിയിലൂടെ തെലുങ്കില്‍ അരങ്ങേറ്റം കുറിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ളാദം സിജയുടെ മുഖത്ത് ഒഴുകി പരന്നു.

മാസ് മീഡിയ പഠനത്തിന്റെ ഒരു അവധിക്കാലത്ത് നാട്ടില്‍ വന്നപ്പോള്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോയെന്ന് കുടുംബസുഹൃത്ത് ചോദിച്ചു. ഒന്നില്‍ നിന്ന് അടുത്തത്.മാസ് മീഡിയ ചെയ്യുമ്പോൾ വിഷ്വല്‍ മീഡിയയില്‍ താത്പര്യം തോന്നിയിരുന്നു. കാമറയുടെ പിന്നില്‍ ജോലി ചെയ്യുമെന്ന് കരുതി. എന്നാല്‍ സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചില്ല. അപ്രതീക്ഷിതമായി അവസരം വന്നപ്പോള്‍ ഉപേക്ഷിച്ചില്ല. ഇങ്ങോട്ട് വന്ന അവസരം. ഒരു കഠിനാദ്ധ്വാനവും നടത്തേണ്ടിവന്നില്ല. സിനിമയില്‍ ആരുമായും ബന്ധമില്ലായിരുന്നു.കുടുംബത്തിനും സിനിമ ബന്ധമില്ല.രാജേഷേട്ടന്റെ മിലിയിലും ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും സഹസംവിധായികയായും പ്രവര്‍ത്തിച്ചു.അന്‍വര്‍ ഇക്ക(അന്‍വര്‍ റഷീദ്) യുടെ പരസ്യചിത്രത്തില്‍ അസിസ്റ്റ് ചെയ്തിട്ടുണ്ട്.സംവിധാനം വലിയ ജോലിയും ഉത്തരവാദിത്വവുമാണ് . എന്റെ വലിയ ആഗ്രഹവും സ്വപ്നവും . സംവിധാനം ചെയ്യാന്‍ സമയമെടുക്കും. എങ്കിലും അതു സംഭവിക്കും.സഹസംവിധായികയായി ജോലി ചെയ്യുമ്പോൾ സാങ്കേതിക പരമായി പഠിക്കാന്‍ കഴിയും. ഒപ്പം അഭിനയം നന്നാക്കാനും.

ഒരിക്കലും കഥാപാത്രം ചെറുതോ വലുതോ എന്നു നോക്കിയിട്ടില്ല . എല്ലാകഥാപാത്രവും സിനിമയില്‍ പ്രധാനപ്പെട്ടതെന്ന് കരുതുന്നു. ചില സിനിമയില്‍ കൂടുതല്‍ സീനുകള്‍ ഉണ്ടാവും. തിയേറ്ററില്‍ വരുമ്ബോള്‍ പല കാരണത്താല്‍ ആ സീനുകള്‍ ഉണ്ടാവില്ല. അങ്ങനെയും സംഭവിക്കാറുണ്ട്. കഥാപാത്രം ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. അഭിനയ പ്രാധാന്യമേറിയ കഥാപാത്രം ചെയ്യണമെന്ന് ഏറെനാളായി ആഗ്രഹിച്ചു. എന്നാല്‍ നല്ല അവസരം വന്നില്ല. അപ്പോള്‍ ബ്രേക്ക് ആവശ്യമെന്ന് തോന്നി. നാലുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണ് റോയ്.സുരാജേട്ടനെ പോലെ ഒരു മികച്ച നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. കാത്തിരുന്നപ്പോള്‍ മികച്ച വേഷം തന്നെ ലഭിച്ചു.