സുറൈ പോട്രു ഓസ്കാർ ലിസ്റ്റിൽ ! സന്തോഷം പങ്കുവെച്ചുകൊണ്ട് സിനിമാലോകം
സൂര്യയുടെ സുറൈ പോട്രു ഓസ്കാർ ലിസ്റ്റിൽ

തമിഴകത്തിന്റെ ‘നടിപ്പിന്‍ നായകന്‍’ സൂര്യയുടെതായി കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമാണ് സുരറൈ പോട്രു. ആമസോണ്‍ പ്രൈം വഴിയാണ് സൂര്യ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. കൂടാതെ തെലുങ്കിലും മൊഴിമാറ്റി ചിത്രം റിലീസ് ചെയ്തു. ‘ആകാസം നീ ഹദു റാ’ എന്നായിരുന്നു സുരറൈ പോട്രിന്‌റെ തെലുങ്ക് പതിപ്പിന്റെ പേര്.
സുധ കൊങ്കാരയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയിരുന്നു. ആദ്യ ദിനം മുതല്‍ ചിത്രത്തിന് മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. സൂര്യയ്‌ക്കൊപ്പം ഉര്‍വ്വശി, അപര്‍ണ ബാലമുരളി ഉള്‍പ്പെടെയുളള താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് സൂരറെെ പോട്രു ആമസോണില്‍ കണ്ടത്. കഴിഞ്ഞ വര്‍ഷം ദീപാവലി റിലീസായിട്ടാണ് സൂര്യ ചിത്രം റിലീസ് ചെയ്തത്. അതേസമയം സുരറെെ പോട്രിനെ സംബന്ധിച്ച പുതിയൊരു വാര്‍ത്ത സിനിമാപ്രേമികളില്‍ സന്തോഷമുണ്ടായിരുന്നു. സൂര്യ ചിത്രം ഓസ്‌കറില്‍ മല്‍സരിക്കുന്നു എന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ഓസ്‌കര്‍ ജനറല്‍ കാറ്റഗറിയില്‍ മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച കംപോസര്‍ എന്നീ വിഭാഗങ്ങളിലായിട്ടാണ് ചിത്രം മല്‍സരിക്കുന്നത്. സുരറൈ പോട്രു സഹനിര്‍മ്മാതാവായ രാജശേഖര്‍ കര്‍പ്പൂര സുന്ദര പാണ്ഡ്യനാണ് ഈ വിവരം ട്വീറ്റ് ചെയ്തിരിക്കുന്നത്. കൂടാതെ മറ്റ് അണിയറ പ്രവര്‍ത്തകരും ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓണ്‍ലൈനായിട്ടാണ് അക്കാദമി അംഗങ്ങള്‍ ചിത്രങ്ങള്‍ കണ്ടു വിലയിരുത്തുന്നത്.
ഏയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിതകഥ ആസ്പദമാക്കിയാണ് സംവിധായക സുധ കൊങ്കാര സുരറൈ പോട്രു എടുത്തത്. സൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി ചിത്രത്തിലെ നെടുമാരന്‍ രാജാങ്കം മാറിയിരുന്നു.
അപര്‍ണ ബാലമുരളിക്കും സുരറൈ പോട്രിലെ ‘ബൊമ്മി’ എന്ന കഥാപാത്രം കരിയറില്‍ വഴിത്തിരിവായി മാറി. ചിത്രത്തിലെ ഉര്‍വ്വശിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒപ്പം പരേഷ് റാവല്‍, മോഹന്‍ ബാബു, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാര്‍, കാളി വെങ്കിട്, അച്യൂത് കുമാര്‍ ഉള്‍പ്പെടെയുളള താരങ്ങളും സുരറൈ പോട്രില്‍ പ്രധാന വേഷങ്ങളില്‍ എത്തി.
ജി വി പ്രകാശ് കുമാര്‍ ഒരുക്കിയ ഗാനങ്ങളും സുരറൈ പോട്രിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിൽ ‘കാട്ടുപയലേ…’ എന്ന ഗാനമാണ് കൂടുതല്‍ തരംഗമായത്.സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റും സിഖ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് സുരറൈ പോട്രു നിര്‍മ്മിച്ചത്. സുധ കൊങ്കാരയും ശാലിനി ഉഷാ ദേവിയുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. നികേഷ് ബൊമ്മി റെഡ്ഡി ഛായാഗ്രഹണവും സതീഷ് സൂര്യ എഡിറ്റിങ്ങും ചെയ്തു. കഴിഞ്ഞ വര്‍ഷം നവംബര്‍ 12നായിരുന്നു സൂര്യ ചിത്രത്തിന്‌റെ റിലീസ്.