Local News

പി.എസ്.സി. റാങ്ക് ലിസ്റ്റ് സംരക്ഷിക്കാനുള്ള റിലേ ഉപവാസത്തോടും അവഗണന, SMYM അനിശ്ചിതകാല നിരാഹാര സമരത്തിലേയ്ക്ക്

ഉദ്യോഗാര്ഥികളോട്‌ കടുത്ത അനീതിയാണ് പി.എസ്.സി ഇപ്പോൾ കാണിച്ച് കൊണ്ടിരിക്കുന്നത്, കഷ്ടപ്പെട്ട് പഠിച്ച് റാങ്ക്ലിസ്റ്റിൽ ഇടം നേടിയിട്ടും ഇവരെ തഴയുകയാണ് പി.എസ്.സി, ഇന്ന് രാവിലെ പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ആത്മഹത്യാ ചെയ്ത അനുവിൽ വരെ എത്തി നിൽക്കുന്നു പി.എസ്.സി യുടെ ക്രൂരത.  എക്സൈസ് ഗാര്‍ഡ് ലിസ്റ്റില്‍ അനുവിന് എഴുപത്തിയാറാമത് റാങ്കായിരുന്നു. നിയമനം പ്രതീക്ഷിച്ചിരിക്കുന്നതിനിടെ ഈ ലിസ്റ്റ് റദ്ദാക്കിയിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അനുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഷ്ടപ്പെട്ട് പഠിക്കുന്ന ഉദ്യോഗാർത്ഥികളെ തഴഞ്ഞ് കൊണ്ട് പിൻവാതിൽ നിയമം നടത്തുന്നതിനെതിരെ അനിശ്ചിതകാല നിരാഹാര സമരത്തിലേയ്ക്ക് ഇറങ്ങുകയാണ് SMYM. ജൂലൈ 21 മുതല്‍ കാഞ്ഞിരപ്പള്ളി എസ്.എം.വൈ.എം. രൂപതാസമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല റിലേ ഉപവാസസമരം 37 ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.

ഈ സമരം ജനങ്ങൾ ഏറ്റെടുത്തിട്ടും ആയിരകണക്കിന് യുവജനങ്ങളുടെ പിന്തുണ ലഭിച്ചിട്ടും പ്രതികരിക്കാത്ത സർക്കാരിന്റെ അവഗണനയിൽ പ്രേതിഷേധിച്ച് ഇന്നുമുതൽ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപത എസ്. എം. വൈ.എം അറിയിച്ചു. എസ്. എം. വൈ. എം ന്റെ കാഞ്ഞിരപ്പള്ളി ഓഫീസിനടുത്ത്‌ കോൺഫ്രൺസ് ഹാളിൽ രൂപത പ്രസിഡന്റ്‌ ആൽബിൻ തടത്തേൽ ആണ് നിരാഹാര സത്യാഗ്രഹം ആരംഭിക്കുന്നത്. സർക്കാർ അനുകൂലമായ നിലപാടെടുക്കും വരെ നിരാഹാരം അനുഷ്ഠിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപെട്ട് കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ എന്നിവർക്ക് കത്തയച്ചു. പി. എസ്.സി റാങ്ക് ലിസ്റ്റ് വിവാദത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപെട്ട് എസ്. എം.വൈ. എം കേരള ഗവർണർക്ക് ആയിരം ഈ-മെയിലുകൾ അയച്ചിരുന്നു. സിവിൽ പോലീസ് ഓഫീസേർസ് റാങ്ക് ലിസ്റ്റ് നിലനിർത്തുന്നതിന് ഒരു ക്യാബിനറ്റ് മീറ്റിംഗ് തീരുമാനം മാത്രം മതിയായിരിക്കെ ഗവണ്മെന്റ് തീരുമാനം കൈകൊള്ളാത്തത് കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നു.

റാങ്ക് ലിസ്റ്റ് നീട്ടണം എന്ന് പറയുന്ന ഉദ്യോഗാർത്ഥികൾക്ക് രാഷ്ട്രീയമായ ഒരു പിൻബലവും ലഭിക്കുന്നില്ല. രാഷ്ട്രീയപിൻബലത്തിൽ അനേകർ തത്കാലിക ഒഴിവിലൂടെ ജോലിയിൽ പ്രിവേശിക്കുമ്പോഴും, പിന്നീട് സ്ഥിരപ്പെടുമ്പോഴും തഴയപ്പെടുന്നത് ആരും വാധിക്കാനില്ലാത്ത സാധാരണ യുവജനങ്ങളാണ്‌. അവരുടെ നിരന്തരമായ ഫോൺ കോളുകളാണ് തന്നെ നിരാഹാര സത്യാഗ്രാഹത്തിനു പ്രേരിപ്പിച്ചത് എന്ന് ആൽബിൻ തടത്തേൽ പറഞ്ഞു. പി. എസ്. സി ഉദ്യോഗാർത്ഥികൾ ഹൈകോടതിയിൽ സമർപ്പിച്ചിരിക്കുന്ന കേസിന്റെ വിധി വരുംവരെ പൊതു ജനാഭിപ്രായം നിലനിർത്തുവാൻ എസ്. എം. വൈ. എം ഈ സമരം കൊണ്ട് ഉദ്ദേശിക്കുന്നു. യുവജനങ്ങളെ ബാധിക്കുന്ന ഈ അനീതി, കോവിഡ് പശ്ചാതലത്തിലും മറ്റു വിവാദവാര്‍ത്തകളുടെ അതിപ്രസരത്തിലും ചര്‍ച്ച ചെയ്യപ്പെടാതെ പോയ സഹചര്യത്തിലാണ് എസ്.എം.വൈ.എം. ഈ സമരവുമായി മുന്നിട്ടിറങ്ങിയത്.

പോലീസ് വകുപ്പില്‍ ജൂലായ് 1, 2019 ല്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റ് 5 മാസത്തോളം യൂണിവേഴ്സിറ്റി കത്തിക്കുത്ത് കേസും കോപ്പിയടി വിവാദവുമായി സ്റ്റേ ആയിരുന്നു. പിന്നീടുള്ള മാസങ്ങളില്‍ 2301/2019 എന്ന നമ്പറില്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യുണല്‍ കേസില്‍ കോടതി വിധി വന്നത് 2020 ജൂണ്‍ 29 നാണ്. നിലവില്‍ KAP 5 പട്ടിക ഉണ്ടായിരുന്നത് 1 ദിവസം മാത്രമാണ്. ഇതേ തുടര്‍ന്ന് ഈ ലിസ്റ്റിന് ലഭിക്കേണ്ട NJD (Not Joined Duty) ഒഴിവുകളും ലഭിക്കുകയുണ്ടായില്ല. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ 19 ബാക്കിയുള്ള എല്ലാ ലിസ്റ്റുകളുടെയും കാലാവധി നീട്ടി കൊടുത്തെങ്കിലും ജൂണ്‍ 30 കാലാവധി അവസാനിച്ച ഏറ്റവും അത്യാവശ്യ സര്‍വീസ് ആയ പോലീസ് ലിസ്റ്റിന്‍റെ കാലാവധി നീട്ടി തരാന്‍ സര്‍ക്കാര്‍ നടപടി എടുത്തില്ല.

ജൂണ്‍ 17 നു ക്യാബിനറ്റ് മീറ്റിംഗില്‍ 1500 താല്‍ക്കാലിക ട്രെയിനിങ് വേക്കന്‍സികള്‍ പാസ്സാക്കി നല്കിയെങ്കിലും നാളിതുവരെ ആ ഒഴിവുകള്‍ നികത്താന്‍ ഗവണ്മെന്‍റ് ഉത്തരവുണ്ടായില്ല. 1200 ട്രെയിനിങ് പര്‍പ്പസ് ആന്‍റിസിപ്പേറ്ററി വേക്കന്‍സികള്‍, എ.ആര്‍. ട്രാന്‍സ്ഫര്‍ ഇവയെല്ലാം സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലേക്ക് വക മാറ്റുകയാണുണ്ടായത്. 2020 ഫെബ്രുവരി മാസത്തിലെ ബഡ്ജറ്റ് സമ്മേളനത്തില്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സിലേക്ക് പുതുതായി 2000 ഒഴിവുകള്‍ നല്‍കുകയുണ്ടായി എന്ന രീതിയില്‍ ഉള്ള പ്രചാരണവും ഉണ്ടായി.
കോവിഡ് പശ്ചാത്തലാത്തില്‍ ആവശ്യത്തിനനുസരിച്ചുള്ള പോലീസുകാരെ വിന്ന്യസിക്കാന്‍ സേന പെടാപ്പാടുപെടുകയും, നിലവിലുള്ളവര്‍ക്ക് അമിത ജോലിഭാരം ഏര്‍പ്പെടുത്തുകയും ചെയ്യുന്നതുവഴി കേരള പോലീസിന്‍റെ കാര്യനിര്‍വഹണശേഷി നശിക്കുകയാണ്. ഈ ആടിയന്തിര സാഹചര്യത്തില്‍ പോലും പോലീസ് വേക്കന്‍സികള്‍ നികത്താത്തത് കൂടുതല്‍ സംശയം ജനിപ്പിക്കുന്നു.

എല്‍.ഡി.സി, എക്സൈസ്, ഫയര്‍ ഫോഴ്സ്, നഴ്സ് തുടങ്ങി എല്ലാ മേഖലകളിലെ റാങ്ക് ലിസ്റ്റുകളിലും ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന അനീതീയുടെ വാര്‍ത്തകള്‍ ദിനം പ്രതി കൂടിവരുന്നു.
സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി പുനര്‍വിന്ന്യാസ നടപടികള്‍ ഒരുഭാഗത്ത് നടക്കുമ്പോഴും മറുഭാഗത്ത് താത്കാലിക നിയമനങ്ങള്‍ തകൃതിയായി നടക്കുകയാണ്. താത്കാലിക ജീവനക്കാരുടെ നൈപുണ്യരാഹിത്യവും, കൃത്യവിലോപപ്രവര്‍ത്തനങ്ങളും ഗവണ്മെന്‍റിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ ഇതുവരെ പാഠം പഠിച്ചില്ല. സ്പെഷ്യല്‍ റൂള്‍ കൊണ്ടുവരാന്‍ വിസമ്മതിക്കുന്നത് കാരണം ജടഇ വഴി നിയമനം നടത്താന്‍ സാധിക്കാതെ നിരവധി വകുപ്പുകളില്‍ താത്കാലിക നിയമനങ്ങള്‍ തുടരുകയാണ്.
നിയമന മുരടിപ്പുകള്‍ക്കും പിന്‍വാതില്‍ നിയമനങ്ങള്‍ക്കുമെതിരെ പ്രകടനപത്രിക ഇറക്കി ഭരണത്തിലേറിയ സര്‍ക്കാര്‍നിലപാടുകളില്‍ കടുത്ത അതൃപ്തിയിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

20000 റിട്ടയര്‍മെന്‍റ് നടന്നിട്ടും മൂന്ന് മാസങ്ങള്‍ക്കിടയില്‍ 400 ലിസ്റ്റുകളിലായി 7000 ത്തോളം നിയമനങ്ങള്‍ നടത്തിയെന്ന് കൊട്ടിഘോഷിക്കുന്നത് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടി ജനങ്ങളെ പറ്റിക്കുന്ന നടപടിയാണെന്നും എസ്.എം.വൈ.എം. ആരോപിക്കുന്നു.
പി.എസ്.സി. ഉദ്യോഗാര്‍ത്ഥികള്‍ നേരിടുന്ന ഈ അനീതികള്‍ പുറത്തുകൊണ്ടുവരാനും, മാധ്യമശ്രദ്ധ കൊണ്ടുവരുവാനും, രാഷ്ട്രീയശ്രദ്ധ നേടുവാനും എസ്.എം.വൈ.എം. നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിനു സാധിച്ചു. കൃത്യമാ കോവിഡ് പ്രോട്ടോകോൾ പാലിച്ച് എസ്. എം. വൈ. എം ഔദ്യോഗിക ഫേസ്ബുക് പേജിലും, ഇൻസ്റ്റഗ്രാമിലും തത്സമയം സംപ്രേഷണം ചെയ്യും.

Back to top button