കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളുമായി കോടതി

കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ :ജനം വലിയ വിലക്കൊടുക്കേണ്ടിവരുന്നു; രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി.
ഒന്നാം രോഗ വ്യാപനം സർക്കാർ ഒരു പാഠമായി കണ്ടില്ല. അതിനാൽ സര്‍ക്കാരിന്റെ അനാസ്ഥയില്‍ ജനങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരുന്നു. പന്ത്രണ്ട് മാസത്തെ ഈ ജാഗ്രതക്കുറവ് അത്ഭുതപ്പെടുത്തുന്നതാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സഞ്ജീവ് ബാനര്‍ജി അധ്യക്ഷനായ ബെഞ്ചാണ് സർക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
കൊവിഡിന്റെ രണ്ടാം വ്യാപനത്തിലും കേന്ദ്ര സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായി. പതിനാല് മാസത്തെ സർക്കാരിന്റെ അലസത അതിശയിപ്പിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍ ശങ്കര നാരായണന്‍ കേന്ദ്രം കൈക്കൊണ്ട നടപടികളെ കുറിച്ച് വിശദീകരണങ്ങള്‍ നല്‍കിയെങ്കിലും കഴിഞ്ഞ 14 മാസങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളൊന്നും കണ്ടില്ലെന്നായിരുന്നു കോടതിയുടെ മറുപടി.
കൊവിഡിന്റെ രണ്ടാം തരംഗത്തിന് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും രംഗത്തെത്തിയത് .
അതേസമയം ഓക്‌സിജന്‍ വിതരണത്തില്‍ വിവേചനം കാട്ടി എന്നതിൽ കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതിയും വിശദീകരണം തേടി.
ഓക്‌സിജന്‍ വിതരണത്തില്‍ ചില സംസ്ഥാനങ്ങളോട് വിവേചനമുണ്ടെന്ന പരാതിയിലാണ് കേന്ദ്ര സര്‍ക്കാറിനോട് ഡല്‍ഹി ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത് . ഡല്‍ഹിക്ക് അനുവദിച്ച ഓക്‌സിജന്‍ ലഭിക്കാതിരിക്കുകയും മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കൂടുതല്‍ ഓക്‌സിജന്‍ വിതരണം നടക്കുകയും ചെയ്തതായി ചൂണ്ടിക്കാട്ടി ഡല്‍ഹി സര്‍ക്കാറാണ് കോടതിയെ സമീപിച്ചത്.
വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് ഒരു ദിവസത്തെ സമയം കോടതി അനുവദിച്ചു. എന്നാല്‍ ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കുന്നത് എതിര്‍ത്ത മേത്ത, ഇത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് പറഞ്ഞു. ജസ്റ്റിസ് വിപിന്‍ സാംഖി, ജസ്റ്റിസ് രേഖ പല്ലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആണ് ഹരജിയില്‍ കേന്ദ്രത്തോട് വിശദീകരണം തേടിയത്.
ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാറാണ്. ഓക്‌സിജന്‍ വിതരണത്തില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്ന് വിമര്‍ശിച്ച കോടതി, ഓക്‌സിജന്‍ വിതരണക്കാരോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസും അയച്ചു.