മക്കളുടെ ആഗ്രഹം, വിവാഹവാർഷിക ദിനത്തിൽ വീണ്ടും വിവാഹിതരായി അച്ഛനമ്മമാര്‍

മക്കളുടെ ആഗ്രഹത്തിന് സഫലീകരത്തിന് വേണ്ടി ദാമ്പത്യ ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിടുന്ന കട്ടപ്പന സ്വദേശികളായ ശിവകുമാറും ജയയും വീണ്ടും ‘വിവാഹിതരായിരിക്കുകയാണ്’. അച്ഛനും അമ്മയും രജിസ്റ്റര്‍ വിവാഹം ചെയ്തത് കൊണ്ട് വിവാഹാഘോഷ ചിത്രങ്ങള്‍ ഇല്ലാതെ പോയതിലെ മക്കളുടെ പരാതി മാറ്റാന്‍ വേണ്ടിയാണ് ഇരുവരും വീണ്ടും വധു വരന്മാരായി. കുറച്ചു ദിവസങ്ങളായി ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ് . ഫോട്ടോഷൂട്ടിന്റെ പല വേര്‍ഷനുകളും കണ്ടിട്ടുണ്ടെങ്കിലും, ഇത്തരമൊരു വേര്‍ഷന്‍ ആദ്യമാണെന്ന് കണ്ടവര്‍ കണ്ടവര്‍ ഏറ്റു പറയുന്നു.മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മൂത്ത മകള്‍ അഞ്ജലിയാണ് എല്ലാത്തിന്റെയും മേല്‍നോട്ടക്കാരി. മുന്‍പും പല സോഷ്യല്‍ മീഡിയ ചലഞ്ചുകളിലും പങ്കെടുത്ത ജയക്കും ശിവകുമാറിനും ഒരു പരീക്ഷണത്തിന് കൂടി തയാറാവാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല.

ഫോട്ടോഗ്രാഫര്‍ അനന്തു ജയ്മോനാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ജയയുടെ സഹോദരിയുടെ അയല്‍വാസിയായ അനന്തു തനിക്ക് ലഭിച്ച ഈ ഫോട്ടോഷൂട്ടിനെക്കുറിച്ച് സംസാരിക്കുന്നു: “മക്കളുടെ ആഗ്രഹപ്രകാരമാണ് അവര്‍ ഇങ്ങനെ ഒരു ചടങ്ങ് സംഘടിപ്പിച്ചത്. ഞാന്‍ രണ്ടാമത്തെ തവനെയാണ് ആ വീട്ടില്‍ പോകുന്നത്. ആദ്യം പുറത്തെവിടെയെങ്കിലും വച്ച് ചെയ്യാമെന്ന് കരുതിയെങ്കിലും കോവിഡ് കാരണം ഷൂട്ടിംഗ് വീടിനകത്തായി.അച്ഛനമ്മമാരും മക്കളും അവരുടെ കസിന്‍ യാദവുമാണ് ചിത്രീകരണ സമയത്ത് ഒപ്പമുണ്ടായിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ബന്ധുക്കള്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല,” അനന്തു പറഞ്ഞു.ഈ വരുന്ന ഇരുപതാം തിയതിയാണ് വിവാഹ വാര്‍ഷികം.

ശരിക്കും ഈ ചിത്രങ്ങള്‍ അന്ന് പോസ്റ്റ് ചെയ്യാന്‍ വേണ്ടി എടുത്തതാണ്. “ഫോട്ടോ എടുത്ത ശേഷം മാധ്യമസുഹൃത്തിന് ഏതാനും ചിത്രങ്ങള്‍ ഞാന്‍ അയച്ചുകൊടുത്തിരുന്നു. അങ്ങനെയാണ് അത് വാര്‍ത്തയാവുന്നത്. പൂര്‍ണ്ണമായ വിവാഹ ചടങ്ങുകളോട് കൂടിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ബാക്കി ചിത്രങ്ങള്‍ വിവാഹ വാര്‍ഷിക ദിവസം പോസ്റ്റ് ചെയ്യും,” അനന്തു പറഞ്ഞു.ക്ഷേത്രത്തില്‍ നിന്നും മുഹൂര്‍ത്തം കുറിച്ചത് മുതല്‍, വസ്ത്രാലങ്കാരം ചെയ്തത് വരെ മൂത്ത മകളാണ്. കുടുംബത്തിന് സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. അമ്മയും മക്കളും നന്നായി നൃത്തം ചെയ്യും. ബംഗളുരുവില്‍ വിദ്യാര്‍ത്ഥിനിയായ 24കാരി അഞ്ജലിയെ കൂടാതെ ദമ്ബതികള്‍ക്ക് രണ്ടു മക്കളുണ്ട്. രണ്ടാമത്തെയാള്‍ ആരാധന മാഹിയില്‍ ഡെന്റല്‍ വിദ്യാര്‍ത്ഥിനിയാണ്, ഇളയവള്‍ അതിഥി നാലാം ക്‌ളാസ്സിലും.മുതിര്‍ന്ന മക്കളുടെ അച്ഛനമ്മമാരായിട്ടും ചിത്രങ്ങളിലെ ദമ്പതികളെ കണ്ടാല്‍ നവവരനും വധുവുമാണെന്നേ പറയൂ എന്ന് പലരും കമന്റ് ചെയ്യുന്നു.