ഹിന്ദു ദേവതയെ അപമാനിച്ചു, അക്ഷയ് കുമാറിന്‍റെ ലക്ഷ്മി ബോംബിനെതിരെ ഹിന്ദുസേന പരാതി നല്‍കി

അക്ഷയ് കുമാറിന്‍റെ റിലീസിനൊരുങ്ങിയ ലക്ഷ്മി ബോംബ് എന്ന സിനിമക്കെതിരെ ഹിന്ദു ജനജാഗ്രതിക്ക് പിന്നാലെ ഹിന്ദുസേനയും രംഗത്തെത്തി.ഹിന്ദു ദേവതയെ അപമാനിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹിന്ദുസേന ഉന്നയിക്കുന്നത്.
മോദി സര്‍ക്കാരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന താരമാണ് അക്ഷയ് കുമാര്‍. അതേ അക്ഷയ് കുമാറിനെതിരെ തിരിഞ്ഞിരിക്കുകയാണ് വിവിധ ഹിന്ദു സംഘടനകള്‍. കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‍ദേകറിന് പരാതി നല്‍കുകയും ചെയ്തു.

മതവികാരം വ്രണപ്പെടുത്തുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് പ്രകാശ് ജാവ്ദേകറിന് അയച്ച പരാതിയില്‍ ഹിന്ദുസേന ആവശ്യപ്പെട്ടു.സിനിമയുടെ പേരിനെ ചൊല്ലിയുള്ള വിവാദത്തിന് പുറമെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് തീവ്രഹിന്ദു സംഘടനകളുടെ മറ്റൊരു ആരോപണം.

ചിത്രത്തില്‍ അക്ഷയ് കുമാറിന്‍രെ കഥാപാത്രത്തിന്‍റെ പേര് ആസിഫ്. നായിക കിയാര അദ്വാനിയുടെ പേര് പ്രിയ. ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ഹിന്ദുസേന പറയുന്നത്.നവംബര്‍ 9ന് ചിത്രം ഡിസ്നി – ഹോട്‍സ്റ്റാറില്‍ ഒടിടി റിലീസ് ചെയ്യാനിരിക്കെയാണ് പരാതിയും ബഹിഷ്കരണാണാഹ്വാനവും ഉയരുന്നത്. 2011ല്‍ പുറത്തിറങ്ങിയ കാഞ്ചന എന്ന തമിഴ് സിനിമയുടെ റീമെയ്ക്ക് ആണ് ലക്ഷ്മി ബോംബ്. രാഘവ ലോറന്‍സ് ആണ് ചിത്രം സംവിധാനം ചെയ്തത്.