അത്ഭുത വിളക്കിന് രണ്ടരക്കോടി രൂപയോ ?

ഉത്തർ പ്രദേശിലെ ഖൈർ നഗറിലാണ് സംഭവം. അലാവുദ്ദീൻ്റെ അത്ഭുത വിളക്കെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടരക്കോടി തട്ടിയ രണ്ടംഗ സംഘം അറസ്റ്റിൽ. സാദാ വിളക്ക് നൽകി പറ്റിക്കപ്പെട്ടെന്ന് മനസ്സിലായ ഡോക്ടർനൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പുകാർ പിടിയിലായത്.ഡോ ലയീക് ഖാൻ ആണ് തട്ടിപ്പിനിരയായത്.

മുൻപൊരിക്കൽ ചികിത്സിച്ചിട്ടുള്ള ഒരു യുവതിയിൽ നിന്നാണ് ഡോക്ടർ ഇസ്ലാമുദ്ദീൻ എന്ന് പേരുള്ള ഒരു മന്ത്രവാദിയെ പരിചയപ്പെടുന്നത്. തുടർന്ന് ഇസ്ലാമുദ്ദീനാണ് വിളക്കിനെപ്പറ്റി ഡോക്ടറോട് പറഞ്ഞത്. തനിക്ക് അത്ഭുത സിദ്ധികൾ ഉണ്ടെന്നും കയ്യിൽ അലാവുദ്ദീൻ്റെ അത്ഭുത വിളക്കുണ്ടെന്നും ഇയാൾ ഡോക്ടറെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇയാൾക്കൊപ്പം മറ്റൊരാൾ കൂടി തട്ടിപ്പിനു കൂട്ടുനിന്നു.

അത്ഭുതവിളക്കിന്റെ മുകളിൽ മൂന്നുവട്ടം ഉഴിയുമ്പോൾ അതിനുള്ളിൽ നിന്ന് പുറത്തുവരുന്ന ജിന്നിനോട് എന്ത് ആഗ്രഹം പറഞ്ഞാലും അത് തന്നെ സാധിച്ചു തരും എന്നും അവർ ഡോക്ടറോട് പറഞ്ഞിരുന്നു. രണ്ടരക്കോടി രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചിട്ട് വിളക്ക് നൽകി കാശുമായി അവർ പോയി.ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി ഡോക്ടർ മീററ്റ് പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇസ്ലാമുദ്ദീനും സഹായിയും കുടുങ്ങുകയായിരുന്നു. ഇസ്ലാമുദ്ദീനെ ഡോക്ടർക്ക് പരിചയപ്പെടുത്തിയ യുവതിയെയും പൊലീസ് തിരയുന്നുണ്ട്.