ചാറ്റിങിന്റെ സ്ക്രീൻഷോട്ട് കാണിച്ച് ഡോക്ടറെ കുടുക്കാൻ ശ്രമിച്ച യുവതികൾ അറസ്റ്റിൽ

മഹാരാഷ്ട്രയില്‍ ഡോക്ടറെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ടു യുവതികള്‍ അറസ്റ്റില്‍. ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ച് തുടര്‍ച്ചയായി ചാറ്റിംഗ് നടത്തിയ ശേഷമായിരുന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പൊലീസ് വലയിലാക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ കോലാപൂരിലാണ് സംഭവം.ആറു മാസം മുന്‍പ് പരിശോധനയ്ക്ക് എന്ന് പറഞ്ഞ് സമീപിച്ച ശേഷം ഡോക്ടറുമായി പ്രതികള്‍ അടുക്കുകയായിരുന്നു. ഡോക്ടറുടെ ഫോണ്‍ നമ്ബര്‍ വാങ്ങി തുടര്‍ച്ചയായി വാട്‌സ്‌ആപ്പിലൂടെ സന്ദേശങ്ങള്‍ അയച്ചാണ് ബന്ധം സ്ഥാപിച്ചത്. ഡോക്ടറോട് പ്രത്യേക വികാരം തോന്നുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രതികള്‍ തട്ടിപ്പിന് തുടക്കമിട്ടതെന്ന് പൊലീസ് പറയുന്നു.
അതിനിടെ വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഭാവിയില്‍ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ച് പ്രതികള്‍ എടുത്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം യുവതികള്‍ 12 ലക്ഷം രൂപ ഡോക്ടറോട് ആവശ്യപ്പെട്ടു. സാമ്ബത്തിക ബുദ്ധിമുട്ട് കൊണ്ടായിരിക്കുമെന്ന് കരുതി ഡോക്ടര്‍ പണം നല്‍കി. തുടര്‍ന്ന് 48 ലക്ഷം രൂപ യുവതികള്‍ ആവശ്യപ്പെട്ടു എന്നാണ് പരാതിയില്‍ പറയുന്നത്. അല്ലാത്തപക്ഷം സ്‌ക്രീന്‍ ഷോട്ടുകള്‍ വെളിയില്‍ വിടുമെന്ന് യുവതികള്‍ ഭീഷണിപ്പെടുത്തിയതായി പൊലീസ് പറയുന്നു.
തുടര്‍ന്ന് ഡോക്ടര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പണം നല്‍കാന്‍ എന്ന വ്യാജേന യുവതികളോട് പ്രത്യേക സ്ഥലത്ത് വരാന്‍ ആവശ്യപ്പെടാന്‍ ഡോക്ടറോട് പൊലീസ് നിര്‍ദേശിച്ചു. ഇതനുസരിച്ച് സ്ഥലത്തെത്തിയ യുവതികളെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.