News

വാക്‌സിന്‍ വൈകിയാല്‍ വൈറസ് ‘രൂപം മാറും

വാക്‌സിന്‍ വൈകിയാല്‍ വൈറസ് ‘രൂപം മാറും’, ഫലപ്രാപ്തി കുറയും; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍.

കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വൈകുന്നത് പുതിയ വൈറസ് വകഭേദം രൂപപ്പെടാന്‍ അവസരമൊരുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു . വൈറസിൽ പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നത് നിലവില്‍ നല്‍കിവരുന്ന ചില വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി . വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാട്ടുന്നവര്‍, അവര്‍ക്ക് ഏറ്റവും വേണ്ടപ്പെട്ടവരോട് ചെയ്യുന്ന നീതികേടാണ് അതെന്നും  അവര്‍ വ്യക്‌തമാക്കി… മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ എടുക്കാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

ഇതുവഴി വൈറസിനെ പൂര്‍ണ്ണമായും രാജ്യത്തുനിന്ന് തുടച്ചുനീക്കാമെന്ന ശുഭാപ്തിവിശ്വാസമാണ് ഉള്ളത്. എന്നാല്‍ യുവാക്കളും മുതിര്‍ന്നവരും മടികൂടാതെ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഇത് സംഭവിക്കൂ എന്ന് വിദഗ്ധര്‍ കൂട്ടിച്ചേര്‍ത്തു.

‘കോവിഡ് 19 വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ഇതില്‍ ചില വകഭേദങ്ങള്‍ ഇപ്പോള്‍ ഉള്ള വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കാന്‍ വരെ ശേഷിയുള്ളതാകാം. അതുകൊണ്ട് എത്രയുംപെട്ടെന്ന് കൂടുതല്‍ ആളുകളെ വാക്‌സിനെടുക്കാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്’, എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ആളുകള്‍ ഹെര്‍ഡ് ഇമ്മ്യൂണിറ്റി പ്രാപിക്കുന്നതിലൂടെ കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാമെന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.ഈ പ്രയത്‌നത്തില്‍ സ്വയം വാക്‌സിന്‍ സ്വീകരിച്ച്‌ എല്ലാവരും കണ്ണിചേര്‍ന്നില്ലെങ്കില്‍ ലക്ഷ്യം അപ്രാപ്യമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തി . കൊറോണ വൈറസിനെതിരായ യുദ്ധം ഒരു കൂട്ടായ ശ്രമമാണെന്നും അതിനായി എല്ലാവരും മുന്നോട്ടുവന്ന് വാക്‌സിന്‍ എടുക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.

Back to top button