Malayalam ArticleMalayalam WriteUps

വേശ്യകളുടെ വിപ്ലവം

രണ്ടായിരം വർഷത്തെ ചരിത്രമുണ്ട് ജനീവക്ക്. പക്ഷെ ഇക്കാലത്തൊന്നും ഇവിടെ ഒരു രാജാവുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടുത്തെ ‘രാജാക്കാൻമാരുടെ സെമിത്തേരി’ ( Cemetery of the Kings ) എന്നൊരു സ്ഥലം ഉണ്ടെന്നത് എന്നെ അതിശയപ്പെടുത്തി. മറ്റു രാജ്യത്തുനിന്ന് നേരിട്ട മാർഗ്ഗത്തിലൂടെയും അല്ലാതേയും കാശുണ്ടാക്കുന്ന പലരും സ്വിറ്റ്സർലാന്റിൽ ജീവിക്കാൻ വരുന്നതുപോലെ വല്ല രാജാക്കാൻമാരും ഇവിടെ ചത്തുകിടക്കാനും വരാറുണ്ടോ? എന്നാൽ അതൊന്നു കണ്ടു കളയാമെന്നു കരുതി.

വെങ്ങോലയിൽ ഞാൻ പഠിച്ച ശാലോംസ്കൂളിന്റെ തൊട്ടടുത്ത് ഒരു പള്ളിയുണ്ടായിരുന്നു. അതിന്റെ തൊട്ടുപുറകിൽ ഒരു സെമിത്തേരിയും. പക്ഷെ ശവക്കോട്ട പ്രേതങ്ങളുടെ വിഹാരകേന്ദ്രമായി ചിന്തിച്ചിരുന്നകാലത്ത് അവിടേക്ക് എത്തിനോക്കാൻ പോലും ധൈര്യമുണ്ടായിരുന്നില്ല.

ജനീവയിലെ സെമിത്തേരി പക്ഷെ അങ്ങനെയല്ല. വിശാലമായ ഒരു പൂന്തോട്ടം പോലെയാണ് ഈ രാജാക്കാൻമാരുടെ ശവക്കോട്ട. വൻമരങ്ങൾ, പുൽത്തകിടി, ചെറിയ കൂട്ടം പൂച്ചെടികൾ, ഇരിക്കാൻ ചാരുബെഞ്ചുകൾ, അതിന്റെ ഇടക്ക് കുറെ ശവക്കല്ലറകൾ. ഇതിന്റെ ഇടക്ക് പുസ്തകം വായിക്കാനായി ആളുകൾ വന്നു കിടക്കുന്നതു കണ്ടു ഞാൻ അതിശയപ്പെട്ടു. നായൻമാർക്ക് കുഴിമാടം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇവിടെവന്ന് ഇവരുടെ ശാന്തമായ കിടപ്പു കണ്ടപ്പോൾ തട്ടിപ്പോയാൽ ഇവിടെത്തന്നെ കൂടിയാലോ എന്നൊരു ചിന്ത ഉണ്ടാകാതിരുന്നില്ല.

രാജാക്കാൻമാരുടെ സെമിത്തേരി പക്ഷെ രാജാക്കൻമാർക്ക് വേണ്ടിട്ടുള്ളതല്ല. ഒരു രാജാവും ഇവിടെ കിടക്കുന്നുമില്ല. അതേസമയം, ജനീവയിലെ രാഷ്ട്രീയ സാമൂഹ്യ സാഹിത്യരംഗങ്ങളിലെ എല്ലാം മഹാന്മാരും മഹതികളും ഇവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പ്രൊട്ടസ്റ്റന്റ് റിഫോർമർ ആയ കാൽവിൻ ആണ് ഇവരിൽ പ്രശസ്തൻ. ഐക്യരാഷ്ട്രസഭയുടെ സേവനത്തിനിടെ ഇറാക്കിൽ ബോംബിംഗിൽ മരിച്ച സെർജിയോ ഡിമെല്ലോയും ഇവിടെയുണ്ട്. ഇവിടുത്തെ മന്ത്രിമാർ, പേരുകേട്ട എഴുത്തുകാർ, ചിത്രം വരക്കുന്നവർ, ബാങ്കർമാർ എല്ലാമുണ്ട്. നല്ല കമ്പനിയാണ്.

ഇവരുടെയെല്ലാം നടുക്ക് പുതിയ ഒരു അതിഥി വന്നിട്ടുണ്ട്. രണ്ടായിരത്തി ഒൻപതിൽ ജനീവ സിറ്റി കൗൺസിൽ, ജനീവയിലെ ഏറ്റവും പേരുകേട്ട വേശ്യയായിരുന്ന ഗ്രിസൽഡിസ് റിയാലിന്റെ ഭൗതിക അവശിഷ്ടം രാജാക്കൻമാരുടെ ശവക്കോട്ടയിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്ത്രീ പ്രസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഏറെ എതിർപ്പുണ്ടായി. പക്ഷെ കൗൺസിൽ വകവച്ചില്ല. മറ്റെന്തുംപോലെ വേശ്യവൃത്തിയും സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ച കൗൺസിൽ റിയാലിന് പുതിയ ശവകുടീരം ഉണ്ടാക്കി.

‘രാജാക്കൻമാരുടെ സെമിത്തേരി’യിൽ ഗ്രിസൽഡിസ് റിയാലിന്റെ അന്ത്യവിശ്രമസ്ഥാനം.

അതിശയകരമായ കഥയാണ് റിയാലിന്റേത്. അധ്യാപകരുടെ ഒരു കുടുംബത്തിൽ ആണ് 1929 ൽ റിയാൽ ജനിക്കുന്നത് ഈജിപ്റ്റിലെ അലക്സാൺഡ്രിയയിൽ. കുട്ടിക്കാലം ഗ്രീസിലെ ഏതൻസിൽ. പെയിന്റിംഗിൽ മിടുക്കിയായിരുന്നു. സ്വിറ്റ്സർലാന്റിൽനിന്നും ബിരുദം കരസ്ഥമാക്കി. 1951 ൽ വിവാഹജീവിതം ആരംഭിച്ചു. പക്ഷെ അതത്ര ശരിയായില്ല. മൂന്നു കുട്ടികൾ ആയിക്കഴിഞ്ഞപ്പോൾ വിവാഹമോചനത്തിൽ കലാശിച്ചു. പുതിയ ഒരു പങ്കാളിയുമായി റിയാൽ ജർമനിയിലേക്ക് പോയി. അതിനിടെ ഒരു കുട്ടി കൂടി ഉണ്ടായി.

പക്ഷെ ഇന്നത്തെപ്പോലെ യൂറോപ്യൻ യൂണിയനൊന്നും ഇല്ലാത്തതിനാൽ സ്വിസ്സ് പൗരത്വത്തിൽ റിയാലിന് ജർമനിയിൽ ജോലി ചെയ്‌യാനുള്ള വർക്ക്പെർമിറ്റ് ഇല്ല. യുദ്ധാനന്തര ജർമനിയിൽ പെയിന്റിംഗിന് ഒന്നും ഒരു ഡിമാന്റും ഇല്ല. ലക്ഷക്കണക്കിന് അമേരിക്കൻ പട്ടാളക്കാർ ബർലിനിൽ ഉണ്ട്. ലോകത്തെവിടെയും എക്കാലത്തേയുംപോലെ ഏറെ ആണുങ്ങൾ കുടുംബത്തിൽനിന്ന് അകന്ന് കഴിയുന്നിടത്തൊക്കെ കൊമേർഷ്യൽ സെക്സിന് വലിയ ഡിമാന്റുണ്ട്. ഈ രംഗത്ത് ജോലിപരിചയവും വർക്ക്പെർമിറ്റും ഒന്നും പ്രശ്നമല്ല. ശേഷം ചിന്ത്യം.

ഈ രംഗത്തേക്ക് തിരിയുന്ന മറ്റു പലരിൽനിന്നും റിയാലിനെ വ്യത്യസ്തമാക്കിയത്, അവർ ഒരിക്കലും സ്വയം ഒരു ‘ഇര’ ആയി കണ്ടില്ല എന്നതാണ്. വേശ്യാവൃത്തി സ്വീകരിക്കുക എന്നത് അവർ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണ്. വേശ്യാവൃത്തി ഒരു കലയും ശാസ്ത്രവും മനുഷ്യസേവനവും ആണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. ‘കറുപ്പും ഒരു നിറമാണ്’ എന്ന അവരുടെ ആത്മകഥയിൽ ഒരിക്കൽപോലും അവർ സ്വന്തം പ്രവർത്തികൾക്കും അവസ്ഥക്കും ആരെയും കുറ്റം പറഞ്ഞില്ല. വേശ്യകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചും പുസ്തകം എഴുതിയും ഏറെ പണവും പ്രശസ്തിയും ഉണ്ടായിട്ടും തൊള്ളായിരത്തി എഴുപതുകളിൽ സ്വിറ്റ്സർലാന്റിൽ തിരിച്ചെത്തിയ അവർ വേശ്യാവൃത്തി ഉപേക്ഷില്ല.

ആയിരത്തിതൊള്ളായിരത്തി എഴുപതുകൾവരെ യൂറോപ്പിലെ വേശ്യകളുടെ സ്ഥിതി കഷ്ടമായിരുന്നു. വേശ്യാലയം നടത്തുന്നവരുടേയും പിമ്പുകളുടേയും ചൂഷണം ഒരു വശത്ത്, പോലീസിന്റെ ശല്യം മറുവശത്ത്. സ്വന്തം ഇഷ്ടപ്രകാരമാണെങ്കിൽപോലും സ്വയം വേശ്യാവൃത്തിയിൽ ഏർപ്പെടാൻ പിമ്പുകളും പോലീസും അവരെ സമ്മതിക്കില്ല. വേശ്യകൾക്കെതിരെ പിമ്പുകൾ അക്രമം പ്രയോഗിക്കുമ്പോൾ പോലീസ് എന്തെങ്കിലും നിസാര കുറ്റം ചുമത്തി പിഴയിടും. പറ്റിയാൽ ജയിലിലടക്കും. സമൂഹത്തിലെ ചീത്തപ്പേര് വേറെയും. ഇപ്പോഴും ഇന്ത്യയിൽ കൊമേഴ്സ്യൽ സെക്സ് രംഗത്തുള്ളവരുടെ സ്ഥിതി ഇതുപോലെ ആണല്ലോ.

യൂറോപ്പിലെ സാമ്പത്തിക വിദ്യാഭ്യാസരംഗങ്ങളിലുള്ള പുരോഗതിയും മനുഷ്യാവകാശങ്ങളെപ്പറ്റിയുമുള്ള ബോധവും വർദ്ധിച്ചതോടെ വേശ്യകളിലും സ്വന്തം അവകാശങ്ങളെപ്പറ്റി ബോധം വന്നു. 1975 ജൂൺ മാസം രണ്ടാം തീയതി ഫ്രാൻസിലെ ലിയോണിൽ വേശ്യകൾ സെന്റ് നിനിസീറിന്റെ പള്ളിക്കകത്തു കയറി സമരം ആരംഭിച്ചു. ഇവരെ അറസ്റ്റ് ചെയ്‌യാതിരിക്കാൻ പ്രദേശത്തുള്ള മറ്റു സ്ത്രീകൾ ഇവർക്കിടയിൽ വന്നിരുന്നു. സമരം പെട്ടെന്നുതന്നെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു.

Commons പാരീസിൽ നടന്ന ‘വേശ്യകളുടെ വിപ്ലവത്തിൽ’ ഗ്രിസൽഡിൽ റിയലും സംബന്ധിച്ചു. സമരം പോലീസ് പൊളിച്ചെങ്കിലും അതോടെ വേശ്യാവൃത്തിയിൽ ഉള്ളവർ സംഘടിതരായി. അവരുടെ അവകാശങ്ങൾക്കുവേണ്ടി ചർച്ച നടത്താൻ സർക്കാർ നിർബന്ധിതരായി. യൂറോപ്പിൽ മിക്കവാറും സ്ഥലത്ത് വേശ്യാവൃത്തിയിലെ നിരോധനം പഴങ്കഥയായി. ഇന്റർനെറ്റിന്റെ വരവോടെ സ്വതന്ത്രമായും സ്വകാര്യമായും സെക്സിന്റെ വാണിജ്യവിനിമയം എളുപ്പമായി.

സർക്കാർ നിയമങ്ങളും പോലീസിന്റെ ഇടപെടലും സ്വന്തം ഇഷ്ടത്തിനെതിരെ ഈ തൊഴിലിലേക്ക് എത്തിക്കുന്നവരെ സംരക്ഷിക്കാനും ഈ തൊഴിലിൽ ഉള്ളവരെ ഇടനിലക്കാർ ചൂഷണം ചെയ്‌യുന്നത് തടയാനും ആയി. ഇതിനു പറ്റിയ നിയമങ്ങളാണ് യൂറോപ്യൻരാജ്യങ്ങൾ ഇപ്പോൾ പരീക്ഷിക്കുന്നത്.

സെക്സ് വാങ്ങുന്നത് മാത്രം കുറ്റകരമായ നോർവെയിലെ രീതിയാണ് ഇതിൽ ഏറ്റവും മികച്ചതായി ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. അതായത് എവിടെയെങ്കിലും റെയിഡ് നടത്തി വാണിജ്യമായ സെക്സ് കണ്ടെത്തിയാൽ സെക്സ് വർക്കറിന് യാതൊരു ശിക്ഷയും ഇല്ല, മറിച്ച് കാശു കൊടുത്ത് സെക്സ് വാങ്ങാൻ വരുന്നവർക്കാണ് ശിക്ഷ മുഴുവൻ. യൂറോപ്പിൽ ഏറ്റവും കുറവ് കൊമേഴ്സ്യൽ സെക്സ് നടക്കുന്നത് നോർവേയിൽ ആണെന്നുള്ളത് നാം കൂടി വായിക്കണം.

ചരിത്രമുള്ള കാലത്തെല്ലാം വേശ്യാവൃത്തിയും ഉണ്ടായിട്ടുണ്ട്. തല വെട്ടിക്കളയുന്നത് ഉൾപ്പടെയുള്ള ശിക്ഷയുടെ കാലത്തും ലോകത്ത് ഇതെല്ലാം രഹസ്യമായി പോയതല്ലാതെ ഇല്ലാതെയായിട്ടില്ല. ഇന്ത്യയിലാകട്ടെ വിക്രമാദിത്യ ചക്രവർത്തിയുടെ കാലം മുതൽ വേശ്യാവൃത്തി ഉണ്ടായിരുന്നു. അതിനോട് സമൂഹം അത്ര മോശമായ സമീപനം അല്ല പുലർത്തിയിരുന്നതും. പക്ഷെ ഇടക്കാലത്ത് എപ്പോഴോ നമ്മളും ഈ വിഷയം സദാചാരത്തിന്റെ പുതിയ നിർവചനത്തിനിടയിൽ കൊണ്ടുവന്ന് രഹസ്യമാക്കി.

പക്ഷെ കാലം മാറുകയാണ്. വേശ്യാവൃത്തിയോടുള്ള സമീപനം കേരളത്തിലും മാറേണ്ട കാലം കഴിഞ്ഞു. കാരണം കൊമേർഷ്യൽ സെക്സ് എന്നത് കേരളത്തിൽ പുതുമയൊന്നും അല്ലെങ്കിലും അതിന്റെ വ്യാപ്തി അതിവേഗം വളരുകയാണ്. എന്റെ ചെറുപ്പകാലത്ത് പെരുമ്പാവൂരിലും ചുറ്റുവട്ടത്തും വിരലിൽ എണ്ണാവുന്നവരേ ഈ രംഗത്തുള്ളൂ. പക്ഷെ അടുത്തയിടക്ക് കേരള എയ്‌ഡ്സ് കൺട്രോൾ സൊസൈറ്റി നടത്തിയ പഠനത്തിൽ കണ്ടത് പെരുമ്പാവൂരിൽ മാത്രം ഇവരുടെ എണ്ണം എഴുന്നൂറിലും മുകളിലായി എന്നാണ്.

പ്രവാസി തൊഴിലാളികളുടെ വരവ് ഇതിനൊരു കാരണം ആണ്. ഇതു ഞാൻ കേരളത്തിൽ എത്തുന്ന പ്രവാസി തൊഴിലാളികളുടെ കുറ്റമായി പറയുന്നതല്ല. കൊമേഴ്സ്യൽ സെക്സിനു പോയാൽ തല പോകുന്നയത്ര റിസ്ക് ഉള്ള ഗൾഫ് നാടുകളിൽ എത്രയോ മലയാളികളാണ് സെക്സ് വിൽക്കുകയും വാങ്ങുകയും ചെയ്‌യുന്നത്.

ചെറുപ്പക്കാരായ ആണുങ്ങൾ കുടുംബത്തിൽനിന്നകന്ന് ജീവിക്കുന്ന എല്ലായിടത്തും (പട്ടാള ക്യാമ്പുകളുടെ ചുറ്റുവട്ടം, ഓയിൽ കമ്പനികളുടെ പിന്നാമ്പുറം, കപ്പലിൽനിന്ന് നാവികർ ഇറങ്ങുന്ന തുറമുഖങ്ങൾ) കൊമേർഷ്യൽ സെക്സ് ലോകത്ത് എല്ലാക്കാലത്തും ഉണ്ടായിരുന്നു. വേശ്യാവൃത്തിയെപ്പറ്റിയുള്ള നമ്മുടെ സദാചാര നിലപാട് ( moral position ) എന്തുതന്നെ ആയാലും കയ്‌യിൽ ചെലവാക്കാൻ കാശുള്ള ഇരുപതു ലക്ഷം പയ്‌യൻമാർ ഉള്ള നാട്ടിൽ കൊമേർഷ്യൽ സെക്സിന് വലിയ മാർക്കറ്റുണ്ടാകും എന്നത് വാസ്തവമാണ്.

സെക്സിന്റെ സാധ്യതകളെ പറ്റിയുള്ള ബോധം ഇന്റർനെറ്റുവഴി കൂടി വരികയും അതെല്ലാം സമൂഹത്തിന്റെ പരിധിക്കുള്ളിൽ സാധ്യമാകാതെ വരികയും ചെയ്‌യുന്നതിനാൽ നാട്ടിലെ ഡിമാൻഡും കൂടി വരികയാണ്. ഡിമാൻഡുള്ള വസ്തു അതു സ്വർണ്ണമായാലും കഞ്ചാവായാലും സപ്ലൈ ചെയ്‌യാൻ ആളുകൾ ഉണ്ടാകും. ഇതൊരു അടിസ്ഥാന മാർക്കറ്റ് വിജ്ഞാനമാണ്. ഇതിനെതിരെ തല പൂഴ്ത്തിയിരുന്നിട്ട് കാര്യമില്ല.

മദ്യനിരോധനമല്ല മദ്യവർജനമാണ് സർക്കാരിന്റെ നയം എന്നു പറയാറുണ്ടല്ലോ. അതുപോലെ കൊമേർഷ്യൽ സെക്സിന്റെ കാര്യത്തിലും നമുക്കൊരു നയം ഉണ്ടാകണം. ഇടക്കിടക്ക് റെയിഡ് നടത്തി ആരെയെങ്കിലുമൊക്കെ അറസ്റ് ചെയ്തതുകൊണ്ടും നാണം കെടുത്തിയത് കൊണ്ടും തീരുന്ന പ്രശ്നമല്ലിത്. പുതിയ നയം പ്രായോഗികവും ഈ നൂറ്റാണ്ടിലെ മനുഷ്യാവകാശ ചിന്തകൾക്ക് അനുസരിച്ചതും ആകണം. അതിനുമുൻപ് അതിനെപ്പറ്റി സമൂഹത്തിൽ തുറന്ന ചർച്ചകൾ നടക്കണം.

സദാചാര പോലീസുകാരുടെ ഇഷ്ടത്തിനും മതമൗലികവാദികൾ പറയുന്നപോലെയുമൊക്കെ ഈ വിഷയത്തെ സമീപിച്ചാൽ മാഫിയകളും അക്രമങ്ങളും അടിമപ്പണിയും ഒക്കെയുള്ള ഒരു അധോലോകമാകും കൊമേഴ്സ്യൽ സെക്സിന്റെ ലോകം കേരളത്തിൽ നിയന്ത്രിക്കുന്നത്. അതു കൂടുതൽ കുറ്റകൃത്യങ്ങളിലേക്കും രോഗങ്ങളിലേക്കും മനുഷ്യാവകാശ ലംഘനങ്ങളിലേക്കും നയിക്കും എന്നതിൽ സംശയം വേണ്ട. (അഭിപ്രായങ്ങൾ വ്യക്തിപരം ആണ്).- Courtesy: Murali Thummarukudi

 

Leave a Reply

Back to top button