ഒരാളെ സ്നേഹിക്കുന്ന കാര്യത്തിൽ ഞങ്ങൾ തമ്മിൽ മത്സരമുണ്ട്, സഹപ്രവര്‍ത്തകന് പിറന്നാള്‍ ആശംസയുമായി പൂര്‍ണിമ

മലയാളത്തിന്റെ പ്രിയ താരദമ്പതികളായ പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റേയും സഹപ്രവര്‍ത്തകന് ഇന്ന് ജന്മദിനമാണ്. ഇരുപത് വര്‍ഷമായി ഇന്ദ്രജിത്തിന്റെ മേക്കപ്പ് മാനായ സുരേഷാണ് ഇന്ന് ജന്മദിനം ആഘോഷിക്കുന്നത്. നീണ്ട വര്‍ഷങ്ങളായി തങ്ങളുടെ ഒപ്പമുള്ള പ്രിയപ്പെട്ട സഹപ്രവര്‍ത്തകന് ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് ഇരുവരും ജന്മദിനാംശംസകൾ നേർന്നത്.തങ്ങളുടെ വിവാഹം മുതല്‍ ജീവിതത്തിന്റെ പല പ്രധാന ഘട്ടങ്ങളിലും ഒപ്പമുണ്ടായിരുന്ന സുരേഷിന്റെ നിരവധി ചിത്രങ്ങളാണ് ഇരുവരും പങ്കുവെച്ചത്.

ഒരു സഹപ്രവര്‍ത്തകന്‍ എന്നതിനേക്കാൾ സുരേഷ് ഇരുവർക്കും ഒരു സഹോദരനും കൂടിയാണെന്ന് തുറന്ന് പറയുന്നതാണ് ഇരുവരുടെയും പോസ്റ്റുകള്‍. സുരേഷുമായുള്ള ആത്മബന്ധം ഇരുവരും പങ്കുവെച്ച ചിത്രങ്ങളിലും ആശംസയിലും കാണാന്‍ കഴിയും.വിവാഹം മുതല്‍ ആരംഭിച്ചതാണ് സുരേഷുമായുള്ള എന്ന് പറഞ്ഞ് ചിത്രം പങ്കുവെച്ച പൂര്‍ണിമ “18 വര്‍ഷങ്ങള്‍ നടുക്ക് നില്‍ക്കുന്നയാളെ സ്നേഹിക്കുന്നതിലാണ് ഞങ്ങള്‍ തമ്മില്‍ മത്‌സരം. ഇപ്പോഴും തുടരുന്നു” എന്ന് കുറിച്ചപ്പോള്‍. ഇന്ദ്രജിത്തിനെ അത്രെയേറെ സ്നേഹിക്കുന്ന സുരേഷിനോട്, നല്‍കുന്ന പരിധിയില്ലാത്ത സ്നേഹത്തിന് നന്ദി എന്ന് പറഞ്ഞാണ് ഇന്ദ്രജിത് ആശംസകള്‍ കുറിച്ചത്.

“ഈ സഹോദരന് ജന്മ ദിനാശംസകള്‍, ഒരുപാട് നാളായി കൂടെയുള്ള സഹയാത്രികന്‍, മേക്കപ്പ് മാന്‍, ബൈക്കര്‍ ബഡ്ഡി, പിന്നെ എന്താണ് അല്ലാത്തത്! നിങ്ങളായിരിക്കുന്നതിന് നന്ദി. നല്ലൊരു വര്‍ഷം ആയിരിക്കട്ടെ. ദൈവത്തിനു നന്ദി” ഇന്ദ്രജിത് കുറിച്ചു.മലപ്പുറം പൊന്നാനി സ്വദേശിയാണ് സുരേഷ് പുറത്തൂര്‍. 20 വര്‍ഷമായി ഇന്ദ്രജിത്തിന്റെ മേക്കപ്പ് മാനായി തുടരുന്ന സുരേഷ് ഇന്ദ്രജിത്തിന്റെ അടുത്ത സുഹൃത്ത് കൂടിയാണ്. ഇന്ദ്രജിത്തിനെ സിനിമാ സെറ്റുകളിലും മറ്റു യാത്രകളിലും അനുഗമിക്കുന്ന സന്തതസഹചാരിയാണ് സുരേഷ്. പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റേയും ആശംസകള്‍ക്ക് പുറമെ ഇരുവരുടെ ആരധകരും സുരേഷിന് ആശംസകള്‍ നേരുന്നുണ്ട്.