Health

നമ്മുടെ വീടിന്റെ തൊട്ടടുത്ത വീടുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ എന്ത് ചെയ്യണം,ചെയ്യാതിരിക്കണം ?

ആഗോളതലത്തിൽ കോവിഡിന്റെ രണ്ടാം വരവ് പ്രഹരം ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിമിഷങ്ങൾ കൊണ്ട് തന്നെ നിരവധി പേര്‍ രോഗത്തിന്റെ പിടിയിലാണ്.ഇന്ത്യയിലെ ഒട്ടുമിക്ക  സംസ്ഥാനങ്ങളും വളരെ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നു. അതെ പോലെ തന്നെ കോവിഡ്  ഇപ്പോള്‍ പലര്‍ക്കും മാനസികമായ പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഇത് വലിയ ഒരു  ഭയമായി പലരിലും പടര്‍ന്നു കയറുന്നു. രോഗികളെ ഇത് നന്നായി ബാധിക്കുന്നുമുണ്ട്. അതെ പോലെ ഏതു നിമിഷവും രോഗം വരാമെന്ന ചിന്ത, ചെറിയ ലക്ഷണങ്ങള്‍ കണ്ടാല്‍ പോലും  അത് കൊവിഡാണോയെന്ന ഭയം.നമ്മുടെ സമൂഹത്തില്‍ ഇതിന്റെ പേരില്‍ ഉറക്കം നഷ്ടപ്പെടുന്നവരും മാനസികമായ അസ്വസ്ഥതകളിലൂടെയും ഡിപ്രഷനിലൂടെയും കടന്നു പോകുന്നവരും ധാരാളമാണ് . കോവിഡ് വന്ന് മരണപ്പെട്ടവരോടൊപ്പം തന്നെ, കോവിഡ് വരുമോ എന്ന് കരുതി ആത്മഹത്യ ചെയ്തവരും, വന്നു കഴിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്തവരുമുണ്ട് നമുക്കിടയില്‍. അടുത്ത വീട്ടില്‍ ആര്‍ക്കെങ്കിലും കൊവിഡ് പോസിറ്റീവായി എന്നറിഞ്ഞാല്‍ പോലും ഭയപ്പെടുന്നവരാണ് നമ്മളില്‍ അധികവും.അടുത്ത വീട്ടില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ എന്താണ് ചെയ്യേണ്ടതെന്ന് തിരുവനന്തപുരം പിആര്‍എസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു.

covid
covid

അടുത്ത വീട്ടിലെ ഒരാള്‍ക്ക് കൊവിഡ് പോസിറ്റീവായാല്‍ വീട് മാറി താമസിക്കേണ്ട ആവശ്യമില്ലെന്ന് ഡോ. ഡാനിഷ് പറഞ്ഞു. വീടുകള്‍ തമ്മില്‍ രണ്ട് മീറ്ററില്‍‌ കൂടുതല്‍ അകലം ഉണ്ടെങ്കില്‍ ആ വീട്ടില്‍‌ താമസിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ വീടുകള്‍ തമ്മിലുള്ള ദൂരം രണ്ട് മീറ്ററില്‍ കുറവാണെങ്കില്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. അതും സര്‍ജിക്കല്‍‌ മാസ്ക് തന്നെ ധരിക്കാന്‍ ശ്രമിക്കുക.നിങ്ങള്‍ ആ വ്യക്തിയുമായി സമ്പർക്കം ഇല്ലെങ്കില്‍ ഒരു കാരണവശാലും പേടിക്കേണ്ട ആവശ്യമില്ലെന്നും ഡോ. ഡാനിഷ് പറഞ്ഞു.എസി പരമാവധി ഒഴിവാക്കണമെന്ന് വായുസഞ്ചാരമുള്ള മുറിയാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം പറയുന്നു. ക്യത്യമായി വെെറ്റമിന്‍ സി, വെെറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. മൂന്ന് മുതല്‍ നാല് ലിറ്റര്‍ വരെ വെള്ളം കുടിക്കാന്‍ ശ്രമിക്കണമെന്നും ഡോ. ഡാനിഷ് പറയുന്നു. 15 ദിവസമാണ് മറ്റൊരാളിലേക്ക് വെെറസ് പിടിപെടാനുള്ള സമയം. കൊവിഡ് പോസിറ്റീവായിരുന്ന ആളിനോട് 10 മിനുട്ട് മാത്രമേ സമ്പർക്കം  പുലര്‍ത്തിയിട്ടുള്ളൂവെങ്കില്‍ പേടിക്കേണ്ട ആവശ്യമില്ല. അടുത്ത 15 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ വന്നില്ലെങ്കില്‍ ‌കൊവിഡ് പിടിപെട്ടിട്ടില്ലെന്ന് മനസിലാക്കാം.

covid-19
covid-19

എന്നാല്‍, കൊറോണ ബാധിതര്‍ ആണെന്ന് സ്ഥിരീകരിച്ചവരുമായി നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ 10 മിനുട്ടില്‍ കൂടുതല്‍ നേരം നേരിട്ട് സമ്പർക്കം  പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ മാത്രം ക്വാറന്റീന്‍ ഇരിക്കുകയും മറ്റാരുമായും ഇടപഴകാനും പാടില്ല. എന്നാല്‍, വീടിന്റെ തൊട്ടടുത്ത് കൊവിഡ് രോ​ഗി ഉണ്ടെന്ന് പറഞ്ഞ് പേടിക്കേണ്ട ആവശ്യമില്ലെന്ന് ഡോ. ഡാനിഷ് പറഞ്ഞു. ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യം ജനാലകള്‍ ആ ഭാ​ഗത്തോട്ട് തുറന്നിടാതെയിരിക്കുക. മറ്റ് ജനാലകളെല്ലാം തുറന്നിടുക. അടുത്ത വീട്ടിലെ കൊവിഡ‍് പോസിറ്റീവായ രോ​ഗിയുമായി ശാരീരിക അകലം പാലിക്കുക. എന്നാല്‍, ഇവരോട് മാനസിക അകലം ഒരു കാരണവശാലും കാണിക്കരുത്. ഇവരുമായി ഫോണില്‍ സംസാരിക്കുക, ഇവര്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ച്‌ കൊടുക്കുക എന്നിവയെല്ലാം ചെയ്യാമെന്നും ഡോ. ഡാനിഷ് വ്യക്തമാക്കി. കൃത്യമായി എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുക. ജാഗ്രതയോടെയിരിക്കുക.

Back to top button