നടി സുചിത്ര ഇപ്പോൾ എവിടെ?

പഴയ കാല നടി സുചിത്രയെ ഓര്‍മ്മയില്ലേ! ഒരു കാലത്ത് മലയാളം സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട നായികയായിരുന്ന നടി സുചിത്ര മുരളി സിനിമ വിട്ട് ഇപ്പോള്‍ അമേരിക്കയിലാണ് താമസം. അമ്പതിലേറെ മലയാള സിനിമകളിലൂടെ ശ്രദ്ധ നേടിയ സുചിത്ര, ബാലതാരമായാണ് അഭിനയ ജീവിതത്തിലേക്ക് . നമ്പര്‍ 20 മദ്രാസ് മെയിൽ ആയിരുന്നു ആദ്യമായി നായികയായ ചിത്രം. വിവാഹശേഷം ഭര്‍ത്താവിനും മകളോടുമൊപ്പം അമേരിക്കയിലാണ് താരം. എങ്കിലും ഇൻസ്റ്റയിൽ സജീവമായ സുചിത്ര പുത്തൻ ചിത്രങ്ങള്‍ ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.
1978ൽ ആരവം എന്ന സിനിമയിലൂടെയാണ് ബാലതാരമായി സുചിത്ര സിനിമയിൽ അരങ്ങേറിയത്. ശേഷം അടിമകച്ചവടം, അങ്ങാടി, വൃത്തം, സ്വര്‍ണ്ണഗോപുരം തുടങ്ങിയ സിനിമകളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിലൂടെ തന്‍റെ 14-ാം വയസ്സിൽ സുചിത്ര നായികയായി അരങ്ങേറുകയുണ്ടായി. മോഹൻലാലിന്‍റെ ഭാര്യയുടെ പേരും സുചിത്രയെന്നായതിനാൽ പണ്ട് കാലത്ത് ചിലരെങ്കിലും നടി സുചിത്രയാണ് ലാലിന്‍റെ ഭാര്യയെന്ന് തെറ്റിദ്ധരിച്ചിരുന്നതായി ചില സിനിമാവാരികകളിൽ ഗോസിപ്പ് കോളങ്ങളിൽ മുമ്പ് വന്നിട്ടുമുണ്ട്.
അതിനു ശേഷം നിരവധി സിനിമകളുടെ ഭാഗമായി സുചിത്ര. കുട്ടേട്ടൻ, ക്ഷണക്കത്ത്, അഭിമന്യു, മിമിക്സ് പരേഡ്, എഴുന്നള്ളത്ത്, മൂക്കില്ലാ രാജ്യത്ത്, കടിഞ്ഞൂൽ കല്യാണം, നയം വ്യക്തമാക്കുന്നു, ഭരതം, തലസ്ഥാനം, നീലകുറുക്കൻ, കാസർഗോഡ് കാദർഭായ്, തക്ഷശില, ഹിറ്റ്ലർ, രാക്ഷസരാജാവ്, കാസി, രാക്കിളിപ്പാട്ട് തുടങ്ങിയവയാണ് ശ്രദ്ധ നേടിയ സിനിമകള്‍.
ഇൻസ്റ്റയിൽ സജീവമായ സുചിത്ര ‘ഹലോ ഇൻ യെല്ലോ’ എന്ന് കുറിച്ചുകൊണ്ട് മഞ്ഞ വസ്ത്രമണിഞ്ഞുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണിപ്പോൾ. ‘മഞ്ഞിക്കിളിയുടെ മൂളി പാട്ടുണ്ടേ’ എന്ന് കുറിച്ചുകൊണ്ട് നിരവധി ആരാധകർ ചിത്രത്തിന് താഴെ എത്തിയിട്ടുമുണ്ട്. അന്നും ഇന്നും ഒരു മാറ്റവുമില്ലെന്നും ചിലർ കുറിച്ചിട്ടുണ്ട്.
വിവാഹ ശേഷം അമേരിക്കയിൽ ഭർത്താവ് മുരളി, മകൾ നേഹ എന്നിവര്‍ക്കൊപ്പമാണിപ്പോള്‍ സുചിത്ര, നാട്യ ഗ്രഹ ഡാൻസ് അക്കാദമി എന്ന ഡാൻസ് സ്കൂളും നടത്തുന്നുണ്ട്. അടുത്തിടെ തനിക്ക് സിനിമകളിലെ ചില കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഇത് താൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന് തോന്നാറുണ്ടെന്ന് സുചിത്ര ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സഹോദരനും സംവിധായകനുമായ ദീപു കരുണാകരൻ ഒരുക്കിയ സിനിമയിൽ അഭിനയിച്ചുകൊണ്ട് സുചിത്ര മടങ്ങിവരവിനായി ആലോചിച്ചിരുന്നെങ്കിലും അത് നടന്നില്ല, ഏറെ ആലോചിച്ചേ സിനിമയിലേക്കുള്ള മടങ്ങി വരവുണ്ടാകൂ എന്ന് താരം ആ അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുമുണ്ട്.