ഗോഡ്ഫാദറിലെ അഞ്ഞൂറാന്റെ വീട് സത്യത്തിൽ ആരുടെയാണ് ?

സിദ്ദിഖ്-ലാൽ രചനയും സംവിധാനവും നിർവ്വഹിച്ച് ബോക്സ്ഓഫീസ് ഹിറ്റായ ഗോഡ്ഫാദര്‍ അഭ്രപാളിയിൽ എത്തിയിട്ട് 29 വർഷം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. 1991നാണ് മലയാളിയെ പൊട്ടിച്ചിരിപ്പിച്ച ചിത്രമായ ഗോഡ്ഫാദര്‍ റിലീസായത്. തിരുവനന്തപുരത്തെ ഒരു തീയറ്ററിൽ ഈ ചിത്രം തുടർച്ചയായി 405 ദിവസങ്ങളിൽ പ്രദർശിപ്പിച്ചു ഏറ്റവും വലിയ സാമ്പത്തിക വിജയങ്ങൾ നേടിയ ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദർ, ആ വർഷത്തെ ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.
ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന അഞ്ഞൂറാന്റെ തറവാട് കോഴിക്കോട്ടെ പയ്യാനക്കലാണുള്ളത്. ഗോഡ്ഫാദറിന് ശേഷം നിരവധി ചിത്രങ്ങളുടെ ലൊക്കേഷനായ മണ്ണടത്ത് തറവാട്ടിലെ വിശേഷങ്ങള്‍ വിപുലമാണ്.അഞ്ഞൂറാന്റെയും മക്കളുടെയും സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതെ വീട് 150 വര്‍ഷത്തിലധികം പഴക്കമുള്ള മണ്ണടത്ത് തറവാടായിരുന്നു. ചിത്രത്തിലുടനീളം നിറഞ്ഞു നിന്ന പയ്യാനക്കലെ മണ്ണടത്ത് തറവാട്ടിലിപ്പോള്‍ സിനിമാക്കാര്‍ ഒഴിഞ്ഞ സമയമില്ല.’ഗോഡ്ഫാദര്‍ വീട്’ എന്ന് പറഞ്ഞാല്‍ അറിയാത്തവര്‍ കോഴിക്കോട് അങ്ങാടിയിലെവിടെയുമുണ്ടാകില്ല. എന്‍.എന്‍. പിള്ളയും തിലകനും ഇന്നസെന്റും മുകേഷും ഭീമന്‍ രഘുവും ഹരിശ്രീ അശോകനുമെല്ലാം നിറഞ്ഞാടിയ തറവാട്.

സാമൂതിരിയുടെ കൈവശത്തിലുണ്ടായിരുന്ന വീട് കൈമറിഞ്ഞ് മണ്ണടത്ത് ഗോപാലനിലെത്തുകയായിരുന്നു. ജാഫര്‍ ഖാന്‍ എന്ന വ്യാപാരിയില്‍ നിന്നാണ് ഗോപാലന്‍ വീട് സ്വന്തമാക്കിയത്. കോഴിക്കോട് ബീച്ചിൽ നിന്ന് മാറാടേക്ക് പോകുന്ന റൂട്ടിൽ പയ്യാനക്കൽ അങ്ങാടി കഴിഞ്ഞ് അര കിലോമീറ്റർ മുന്നോട്ടു പോയാൽ റോഡരികിലാണ് മണ്ണടത്ത് വീട്.16 ഏക്കറിലുണ്ടായിരുന്ന സ്ഥലത്ത് ഒരേക്കറും തറവാടും ഗോപാലന്റെ മകന്‍ ബാബുവിനായി. ബാബു മരിച്ചതോടെ ഭാര്യ ദ്രൗപതിയും മകന്‍ ജൈജുവും കുടുംബവുമാണിപ്പോഴിവിടെ താമസം. വരിക്കാശ്ശേരി മനയൊക്കെപ്പോലെ മണ്ണടത്ത് തറവാട് സിനിമാക്കാരുടെ ഭാഗ്യതട്ടകമായിരുന്നു.
മമ്മൂട്ടിയുടെ പാഥേയം, കുണുക്കിട്ട കോഴി, തിരക്കഥ, ജാക്കി ഷ്‌റോഫിന്റെ പ്ലാറ്റ്‌ഫോം നമ്പര്‍ വണ്‍, കഥ തുടരുന്നു ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ക്ക് ഈ തറവാട് ആതിഥ്യമരുളി. ടൊവിനോ കേന്ദ്രകഥാപാത്രമായ എടക്കാട് ബറ്റാലിയനാണ് അവസാനമായി ഇവിടെ നിന്ന് ചിത്രീകരിച്ചത്. പക്ഷേ അറിയപ്പെടുന്നതിപ്പോഴും അഞ്ഞൂറാന്റെ വീടായിത്തന്നെ. വീടിന് മുന്നിലെ കിണര്‍ മാത്രമാണ് ഗോഡ്ഫാദറിനായി സെറ്റിട്ടത്. ബാക്കിയെല്ലാം ഇവിടെയുള്ളത് തന്നെ.

സിനിമയിലുണ്ടായിരുന്ന വീടിന്റെ പൂര്‍ണ്ണഭാഗം ഇപ്പോഴില്ല. കളപ്പുര ഉള്‍പ്പെടെ പൊളിച്ചുനീക്കി. ചെറിയകൂട്ടിച്ചേര്‍ക്കലും നടത്തി. എങ്കിലും ആറ് മുറികളിപ്പോഴുമുണ്ട്. അഞ്ഞൂറാന്‍ മുതലാളി ഇരുന്ന ചാരുകസേര സെറ്റംഗങ്ങള്‍ കൊണ്ടുവന്നതായിരുന്നു. വീടിന് മുമ്പിലുള്ള മാവ് ഇപ്പോഴുമുണ്ട്. ജാഫര്‍ ഖാന്‍ നട്ടതാണ് ഈ മാവ്.മുമ്പൊക്കെ ജാഫര്‍ ഖാന്‍ മരച്ചുവട്ടില്‍ വന്ന് നില്‍ക്കാറുണ്ടെന്ന് വീട്ടുടമയായ ദ്രൗപതി പറയുന്നു. ദ്രൗപതിയുടെയും രണ്ട് മക്കളുടെയും ഉടമസ്ഥതാവകാശത്തിലാണിപ്പോള്‍ ഈ അഞ്ഞൂറാന്‍ തറവാട്. വീടിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാനെത്തുന്നവരും ബ്ലോഗര്‍മാരും മിക്കദിവസങ്ങളിലും തറവാട്ടിലെത്തും.