എന്റെ അമ്മമ്മ, എന്റെ സുബ്ബു!!! മുത്തശ്ശിയെ കുറിച്ച് വികാരഭരിതയായി സൗഭാഗ്യ

മലയാള സിനിമയുടെ പ്രിയ മുത്തശ്ശി ആര്‍ സുബ്ബലക്ഷ്മി ഓര്‍മ്മയായിരിക്കുകയാണ്. സുബ്ബലക്ഷ്മിയുടെ നാല് തലമുറയും താരങ്ങളാണ്. മകള്‍ താരാ കല്ല്യാണും കൊച്ചുമകള്‍ സൗഭാഗ്യ വെങ്കിടേഷും സൗഭാഗ്യയുടെ കുഞ്ഞ് സുദര്‍ശനയും ഏറെ ആരാധകരുള്ളവരാണ്.

മുത്തശ്ശിയെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. 30 വര്‍ഷമായി തനിക്ക് ബലമായി നിന്ന മുത്തശ്ശിയെ നഷ്ടമായെന്ന് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. മുത്തശ്ശിയുടെ ആശുപത്രിയില്‍ നിന്നുള്ള അവസാന ചിത്രവും പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ.

‘എനിക്ക് മുത്തശ്ശിയെ നഷ്ടമായി. 30 വര്‍ഷമായി എനിക്ക് ബലമായും സ്നേഹമായും കൂടെ ഉണ്ടായിരുന്ന എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്. പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’ – സൗഭാഗ്യ കുറിച്ചു.

ഇന്നലെ രാത്രിയായിരുന്നു സുബ്ബലക്ഷ്മി അന്തരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുത്തശ്ശി കഥാപാത്രമായിട്ടാണ് സുബ്ബലക്ഷ്മി സിനിമാ രംഗത്തേക്ക് എത്തുന്നത്. 87ാം വയസിലാണ് മുത്തശ്ശി വിട പറഞ്ഞത്.

രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെയാണ് സുബ്ബലക്ഷ്മി സിനിമയിലേക്ക് എത്തിയത്. കല്യാണരാമന്‍, തിളക്കം, പാണ്ടിപ്പട, സി.ഐ.ഡി മൂസ, സൗണ്ട് തോമ, കൂതറ, പ്രണയകഥ, സീത കല്യാണം, വണ്‍, റാണി പദ്മിനി തുടങ്ങിയവയെല്ലാം ശ്രദ്ധേയ ചിത്രങ്ങളാണ്. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും വേഷമിട്ടു. കല്യാണ രമുദു, യാ മായാ ചേസാവേ, എക് ദീവാനാ ഥാ, ദില്‍ബേചാര, രാമന്‍ തേടിയ സീതൈ, ഹൗസ് ഓണര്‍, ബീസ്റ്റ്, ഹൊഗനസു, മധുരമിതം, ഇന്‍ ദ നെയിം ഓഫ് ഗോഡ് തുടങ്ങിയ ചിത്രങ്ങളിലും സുബ്ബലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.